റിയാദ്: ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അടുത്തയാഴ്ച നിർണായകമെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. മോശം കാര്യങ്ങളും വഴിത്തിരിവും സംഭവിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, റഷ്യയുടെ മധ്യസ്ഥ ശ്രമം യുഎസ് തള്ളി. നെതന്യാഹുവിനോട് യുദ്ധം തുടരാനും ട്രംപ് നിർദേശിച്ചു.
അതേസമയം, വൈറ്റ്ഹൗസിലേക്ക് ചർച്ചക്കായി സമീപിച്ചെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ വിദേശകാര്യ മന്ത്രി തള്ളി. ഇതിനിടെ, ഒമാനിൽ ഇറാന്റെ രണ്ട് വിമാനങ്ങളും സ്വകാര്യ വിമാനവും ലാന്റ് ചെയ്തു. ചർച്ചക്കുള്ള ശ്രമങ്ങൾ സജീവമാണ്.
ഇന്ന് കനത്ത ആക്രമണത്തിൽ ഇറാനിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇറാന്റെ ഹെലികോപ്റ്ററുകളും മിസൈൽ ലോഞ്ചറുകളും തകർത്തു. ഇന്റർനെറ്റ് സംവിധാനവും അവതാളത്തിലായി. ഇറാന്റെ തിരിച്ചടിയിൽ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ മിസൈലെത്തി. ഇരു രാജ്യങ്ങളുടേയും പ്രതിരോധ സംവിധാനങ്ങൾ ക്ഷയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വ്യോമപാത അടക്കാൻ സാധ്യതയുള്ളതിനാൽ യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസികളും രംഗത്തെത്തി.