വാഷിങ്ടണ്‍: ന്യൂയോർക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള അവസാന ഘട്ട സംവാദത്തില്‍ പരസ്പരം കൊമ്പ് കോര്‍ത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ സൊഹ്റാന്‍ മംദാനിയും ആൻഡ്രൂ ക്യൂമോയും. പ്രായം, അനുഭവ സമ്പത്ത്, എന്നിവ മുന്‍നിര്‍ത്തിയായിരുന്നു ഇരുവരും പരസ്പരം കോര്‍ത്തത്.
പുരോഗമന സംസ്ഥാനം എന്ന നിലയില്‍ അസംബ്ലി അംഗം കൂടിയായ മംദാനി മേയര്‍ ജോലിക്ക് പ്രാപ്തനല്ലെന്ന് ക്യൂമോ മുന്നറിയിപ്പ് നൽകിയപ്പോള്‍ മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറായിരിക്കെ ഉയര്‍ന്ന അഴിമതി-ലൈംഗിക ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മംദാനിയുടെ തിരിച്ചടി.
ക്യൂമോ, മംദാനി, എന്നിവരെക്കൂടാതെ മറ്റു അഞ്ച് സ്ഥാനാർത്ഥികൾ കൂടി ഡെമാക്രോറ്റിക് ടിക്കറ്റിനായി മത്സര രംഗത്തുണ്ട്. ഇതില്‍ മുന്‍നിര സ്ഥാനാര്‍ഥികളായ ക്യൂമോയുടെയും മംദാനിയുടെയും സംവാദത്തിനായിരുന്നു പ്രാധാന്യം ലഭിച്ചത്.
മുന്നിലുള്ള വെല്ലുവിളികളെ വിലയിരുത്തുകയാണെങ്കില്‍ 33കാരനായ ഒരു സംസ്ഥാന അസംബ്ലി അംഗത്തെ തെരഞ്ഞെടുക്കുന്നത് അപകടകരമാണെന്ന് ക്യുമോ പറഞ്ഞു. നഗര-സംസ്ഥാന-ഫെഡറൽ നിയമനിർമ്മാതാക്കളുമായി ചർച്ച നടത്തുക, പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ‘ഏറ്റുമുട്ടുക’, പ്രകൃതിദുരന്തങ്ങളില്‍ ഇടപെടുക തുടങ്ങിയ കാര്യങ്ങൾ ശ്രമകരമായ ജോലിയാണെന്നും അതിന് 33കാരന്റെ പ്രാപ്തിയില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.