ദില്ലി: ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. രാവിലെ ഏഴരയ്ക്കാവും പ്രധാനമന്ത്രി ദില്ലിയിൽ നിന്ന് യാത്ര തിരിക്കുക. ആദ്യം സൈപ്രസിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. തുർക്കിയുമായി തർക്കമുള്ള സൈപ്രസിലേക്കുള്ള യാത്ര ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യതതിൽ കൂടിയാണ് മോദി നിശ്ചയിച്ചത്.
നാളെ സൈപ്രസിൽ നിന്ന് കാനഡയിലേക്ക് പോകുന്ന നരേന്ദ്ര മോദി ഉച്ചകോടിക്കിടെ ഡോണൾഡ് ട്രംപ് അടക്കമുള്ള നേതാക്കളെ കണ്ടേക്കും. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യം ജി ഏഴിൽ പ്രധാന ചർച്ചയാകാനാണ് സാധ്യത. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം തീർക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിനു ശേഷം ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയ ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉന്നതതല ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്.