മലപ്പുറം: പാലക്കാട്ടെ പെട്ടി പരിശോധനക്ക് സമാനമായി നിലമ്പൂരിലും പെട്ടി പരിശോധിച്ചത് വിവാദമാകുന്നു. ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പൊലീസ് കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിൽ വെച്ചാണ് സംഭവം.
ഷാഫി പറമ്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സ്വാഭാവിക പരിശോധന മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. കാർ പരിശോധിച്ചതിനു ശേഷം കാറിന്‍റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയിൽ ഉണ്ടായിരുന്നത്.
പരിശോധനക്കിടെ ഷാഫിയും രാഹുലും പൊലീസിനോട് കയർക്കുന്നുണ്ട്. എന്നാൽ എം.പിയേയും എം.എൽ.എയേയും മനസിലായില്ലെന്നാണ് പൊലീസിന്‍റെ വാദം.