ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാവുമെന്ന മുന്നറിയിപ്പുമായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച നൽകിയ മുന്നറിയിപ്പിൽ ഉടൻ മേഖലയിൽ വലിയ ഏറ്റുമുട്ടലുണ്ടാവുമെന്നാണ് ട്രംപ് വിശദമാക്കിയത്. ആണവ പദ്ധതികളുടെ തോത് ഉയർത്തുമെന്ന് ടെഹ്റാൻ വ്യാഴാഴ്ച വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണത്തിലാണ് ഏറ്റുമുട്ടലിനേക്കുറിച്ച് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
ആസന്നമാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് വളരെ നന്നായി സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണെന്നാണ് വ്യാഴാഴ്ച ട്രംപ് മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. നേരത്തെ ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ കടുത്ത ജാഗ്രതയിലായിരുന്നു അമേരിക്ക. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെൻറഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകിയിട്ടുണ്ട്. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.