നിലമ്പൂർ: നിലമ്പൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ പ്രചാരണം കൊഴുക്കുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാളെ മണ്ഡലത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ഇരു മുന്നണികളും. പതിവുപോലെ സ്ഥാനാർഥികളും നേതാക്കളും പഞ്ചായത്തുകളും നഗരസഭയും കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികളുടെ തിരക്കിലാണ്.
നിലമ്പൂരിലോട്ട് രാഷ്ട്രീയപാർട്ടികൾ കണ്ണും നട്ടിറങ്ങിയിട്ട് ആഴ്ചകൾ കുറച്ചായി. നിലമ്പൂരിലെ ഓരോ വോട്ടും രണ്ടു മുന്നണികൾക്കും നിർണായകം.’ പിണറായി വിജയൻ 3.0 ‘ എന്നതാണ് ഇടതുമുന്നണിയുടെ സ്വപ്നം.
നിലമ്പൂരിലെ ജനത അതിന് ഒപ്പ് വച്ചാൽ മൂന്നാം ഭരണത്തിന്റെ കാഹളം മുഴങ്ങലായി വിജയത്തെ എൽഡിഎഫ് മാറ്റും. സിറ്റിംഗ് സീറ്റിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് കിട്ടുന്ന ആത്മവിശ്വാസം ചെറുതാകില്ല. ഭരണമാറ്റം വരെ സ്വപ്നം കാണാം. അതുകൊണ്ട് സകല ആയുധങ്ങളും എടുത്താണ് രണ്ടു മുന്നണികളും നിലമ്പൂരിൽ പോരിന് ഇറങ്ങിയിരിക്കുന്നത്.
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നാളെ മുതൽ കൊഴുക്കും. വയനാട് എംപി പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാളെ മുതൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്.നിലമ്പൂർ മണ്ഡലത്തിലെ രണ്ടിടങ്ങളിൽ പ്രിയങ്ക ഗാന്ധി പ്രചാരണം നയിക്കും.
നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രിയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പര്യടനം. രണ്ടു മുന്നണികളും തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യുന്ന ദിവസങ്ങളായിരിക്കും ഇത്.