Saturday, July 5, 2025
HomeNewsകപ്പല്‍ കമ്പനിക്കെതിരെ കേസ്; സർക്കാരിന് പ്രതിപക്ഷ ആവശ്യത്തിന് മുൻപിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നു എന്ന് യുഡിഎഫ്

കപ്പല്‍ കമ്പനിക്കെതിരെ കേസ്; സർക്കാരിന് പ്രതിപക്ഷ ആവശ്യത്തിന് മുൻപിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നു എന്ന് യുഡിഎഫ്

തിരുവനന്തപുരം: കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്.

17 ദിവസം പിന്നിട്ടിട്ടും അനങ്ങാതിരുന്ന സർക്കാരിന് പ്രതിപക്ഷ ആവശ്യത്തിന് മുൻപിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നുവെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടി വന്നതോടെ പുറത്തായത് അദാനിയെ വഴിവിട്ട് സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ കള്ളക്കളിയെന്നാണ് സതീശൻ പറഞ്ഞത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ചെന്നിത്തലയുടെ വാക്കുകൾ

17 ദിവസം പിന്നിട്ടിട്ടും അനങ്ങാതിരുന്ന സർക്കാരിന് നമ്മൾ നിരന്തരം ഉന്നയിച്ച ആവശ്യത്തിന് മുൻപിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നു. കേന്ദ്ര സർക്കാരുമായി ചേർന്ന് അദാനിക്ക് വേണ്ടി മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവിതത്തിനും വിഘാതമായ നിലപാടുമായി മുന്നോട്ടുപോയ സംസ്ഥാന സർക്കാരിന് ഗതി മുട്ടിയപ്പോഴാണ് ബോധമുണ്ടായത്. ഒരുപാട് മലക്കം മറിച്ചിലുകൾക്ക് ശേഷം കേസെടുക്കാൻ തീരുമാനിച്ച സർക്കാർ നിലപാട് ഗത്യന്തരമില്ലാതെയാണ്. പക്ഷേ, ഇപ്പോഴും സർക്കാർ ഉത്തരം പറയേണ്ടുന്ന ഒരു ചോദ്യം ഇവിടെ ബാക്കിയുണ്ട്. ഏത് താത്പര്യത്തിന്റെ പുറത്താണ് 17 ദിവസം സംസ്ഥാന സർക്കാർ നിസ്സംഗത പാലിച്ചത്? അദാനിക്ക് ബിസിനസ് ബന്ധങ്ങളുള്ള ഷിപ്പിങ് കമ്പനിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതിരുന്നത് ഏത് ബാന്ധവത്തിന്റെ പേരിലാണ്? മറുപടി പറയേണ്ടത് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുമാണ്.

മഹാരാഷ്ട്രയിൽ 2010ൽ സമാനമായ ഒരു കപ്പൽ അപകടം ഉണ്ടായപ്പോൾ തൊട്ടടുത്ത ദിവസം സർക്കാർ കേസെടുക്കുകയും ഭീമമായ ഒരു നഷ്ടപരിഹാരം നൽകാൻ ആ കമ്പനി ബാധ്യസ്ഥമാകുകയും ചെയ്തിരുന്നു. എന്നാൽ കൊച്ചി പുറംകടലിൽ കപ്പൽ മുങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതെ സർക്കാർ ഒളിച്ചുകളിച്ചപ്പോൾ, ഈ വിഷയത്തിൽ കഴിഞ്ഞ മാസം 26ന് പ്രധാനമന്ത്രിക്ക് നേരിട്ട് ഞാൻ കത്തെഴുതുകയുണ്ടായി. നടപടികളിൽ വീണ്ടും കാലതാമസം നേരിട്ടപ്പോൾ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയത്. എന്നാൽ കേസെടുക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്നു പറഞ്ഞ് കൈകഴുകുകയായിരുന്നു കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി.

മാത്രമല്ല, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിന്റെ പുറത്തുവന്ന മിനിട്സ് പരിശോധിച്ചാൽ വ്യക്തമാവും ആർക്ക് വേണ്ടിയായിരുന്നു ഈ കാലതാമസമെന്ന്. വിഴിഞ്ഞം കമ്പനിക്ക് ഏറ്റവും വേണ്ടപ്പെട്ട വ്യക്തിയുടെ കപ്പൽ കമ്പനിയാണ് പ്രതി സ്ഥാനത്താവുക എന്ന ഗുരുതരമായ യാഥാർത്ഥ്യമാണ് ഇതിന് പിന്നിലുള്ളത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച്, ഈ കമ്പനിയുമായി വ്യാപാര ബന്ധമുള്ളവരാണ് അദാനി ഗ്രൂപ്പ്. കേരളത്തിന്റെ പൊതുതാത്പര്യത്തെ ഹനിച്ച്, മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വിഘാതമാവുന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത് എങ്ങനെയാണ് എന്നത് ഇതിൽനിന്ന് വ്യക്തമാണ്.

ഹൈക്കോടതിയിൽ ഹർജി വന്നപ്പോൾ, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വരെ കത്തെഴുതിയപ്പോൾ ഗതിമുട്ടിയാണ് ഈ കേസെടുക്കുന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്. 17 ദിവസം അനങ്ങാതിരുന്ന സർക്കാർ ഇന്ന് അമ്പലപ്പുഴയിൽ ഒരു പരാതി ലഭിച്ച് അര മണിക്കൂറിനുള്ളിലാണ് കേസെടുത്തത്. ഒരു സംഭവം ഉണ്ടായി ആദ്യം രജിസ്റ്റർ ചെയ്യേണ്ട ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടിന് ഉണ്ടായ 17 ദിവസത്തെ കാലതാമസത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകണം. അദാനിക്കു മുൻപിൽ കേന്ദ്ര കേരള സർക്കാരുകൾ ഓഛാനിച്ചു നിൽക്കുന്ന കാഴ്ചയാണ് ഇക്കാര്യത്തിലും കേരളം കണ്ടത്. അദാനിയുടെ ബിസിനസ് താൽപര്യങ്ങൾക്കു മുൻപിൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും തീരജനതയുടേയും വേദനകൾക്ക് എന്തു വില?

സതീശന്‍റെ വാക്കുകൾ

കൊച്ചി തീരത്ത് എം.എസ്.സി എല്‍സ 3 എന്ന കപ്പല്‍ അപകടത്തില്‍പ്പെട്ട് ആഴചകള്‍ക്കു ശേഷം കേസെടുക്കാന്‍ കേരള പൊലീസ് തയാറായതിലൂടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഷിപ്പിംഗ് കമ്പനികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുത്ത് ഇരകളായ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ സഹായിക്കുകയെന്ന നിലപാടാണ് ഇതിനു മുന്‍പുണ്ടായ അപകടങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളും സ്വീകരിച്ചത്. എന്നാല്‍ കീഴ് വഴക്കങ്ങളൊന്നും പരിഗണിക്കാതെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഷിപ്പിങ് കമ്പനിക്കെതിരെ കേസ് നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കേന്ദ്രത്തിന് മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്നാണ് കഴിഞ്ഞ ദിവസം തുറമുഖ മന്ത്രിയും പറഞ്ഞത്. അദാനിക്കു ബന്ധമുള്ള ഷിപ്പിംഗ് കമ്പനിയെ വഴിവിട്ട് സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് നടത്തിയ കള്ളക്കളിയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇപ്പോള്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നിബന്ധിതരായെങ്കിലും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരും. ബി.ജെ.പി- സി.പി.എം ബാന്ധവം തന്നെയാണ് ഈ സംഭവത്തിന് പിന്നിലും. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കേണ്ട ഒരു പാര്‍ട്ടിയും അവര്‍ നയിക്കുന്ന സര്‍ക്കാരുമാണ് കോര്‍പറേറ്റുകള്‍ക്കു വേണ്ടി നാടിനെ ഒന്നാകെ ഒറ്റുകൊടുക്കാൻ നോക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments