ദുബൈ: സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ചൈനീസ് യാത്രയ്ക്ക് പുതിയ വിസ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപ്രാരം നാളെ (ജൂൺ 9) മുതൽ അവരുടെ പൗരന്മാർക്ക് ചൈനയിലേക്കു വിസ രഹിത യാത്ര ആസ്വദിക്കാനാകും. മേഖലയുടെ ടൂറിസത്തെയും ബിസിനസ് മേഖലയെയും ഉണർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിസ രഹിത യാത്രാ ജാലകം (Visa Free Travel Window) തുറന്നിരിക്കുന്നതിനാൽ സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് അവരുടെ ലഗേജുകൾ പായ്ക്ക് ചെയ്ത് ഒരു തടസ്സവുമില്ലാതെ ചൈനയിലേക്ക് പോകാം. വിസാ അപ്പോയിന്റ്‌മെന്റുകളോ ദീർഘനേരത്തെ കാല താമസമോ ആവശ്യമില്ല.
തീരുമാനം ഒരു നിർണായക നിമിഷത്തെ അടയാളപ്പെടുത്തുന്നുവെന്നു ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പദ്ധതിയെക്കുറിച്ച് സൂചന നൽകുന്നതാണ് പുതിയ നീക്കം. ടൂറിസം, വ്യാപാരം, ചികിത്സ, വിദ്യാഭ്യാസം എന്നിവയിലായാലും, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി മാസങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാതെ തന്നെ ചൈന സന്ദർശിക്കാം. ഈ നയം അനന്തമായ സാധ്യതകൾ തുറക്കുന്നു. എല്ലാറ്റിനുമുപരി ചൈനയ്ക്കും അറബ് ലോകത്തിനും ഇടയിലുള്ള ശക്തമായ വിശ്വാസത്തിന്റെ ആഴം കൂട്ടുന്നതിനെയൂം ഇത് സൂചിപ്പിക്കുന്നു. 2025 ജൂൺ 1 മുതൽ ദക്ഷിണ അമേരിക്കയിലെ അഞ്ച് രാജ്യങ്ങളിലേക്ക് ചൈന വിസ രഹിത യാത്ര വ്യാപിപ്പിച്ചിട്ടുണ്ട്. ബ്രസീൽ, അർജന്റീന, ചിലി, പെറു, ഉറുഗ്വേ എന്നീ രാജ്യങ്ങളിലേക്ക് ആണ് വിസ ഇല്ലാതെ യാത്ര ചെയ്യാനാകുക. ഇതിന് തൊട്ടു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളുടെ നടപടി.