Friday, May 23, 2025
HomeAmerica'ഐഎ എന്നാൽ അമേരിക്കയും ഇന്ത്യയും'; മരിക്കുകയല്ല, രാജ്യത്തിന് ജീവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി

‘ഐഎ എന്നാൽ അമേരിക്കയും ഇന്ത്യയും’; മരിക്കുകയല്ല, രാജ്യത്തിന് ജീവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി

ന്യൂയോർക്ക്: എഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ല, മറിച്ച് അമേരിക്കയും ഇന്ത്യയുമാണെന്നും, അമേരിക്കയും ഇന്ത്യയും പുതിയ ലോകത്തിന്റെ ശക്തികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സർക്കാരിന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളും എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.

ഇന്ത്യ അവസരങ്ങളുടെ മണ്ണാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയല്ല, മറിച്ച് അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. വികസിത ഇന്ത്യ ജനങ്ങളുടെ പ്രസ്ഥാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് രാജ്യം പ്രാധാന്യം നൽകുന്നതെന്നും പാവപ്പെട്ടവരുടെ ശാക്തീകരണത്തിലാണ് ശ്രദ്ധയൂന്നുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാം തവണ അധികാരത്തിൽ വന്ന താൻ മൂന്നിരട്ടിയാണ് ഇക്കുറി അധ്വാനിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താൻ രാജ്യത്തിന് വേണ്ടി മരിക്കാനല്ല, ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ വികസനവും സമൃദ്ധിയുമാണ് തന്റെ ലക്ഷ്യമെന്നും അതിനായി ജീവിതം സമർപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണെന്ന് മോദി പറഞ്ഞു. 140 നഗരങ്ങളിൽ നിലവിൽ വിമാനത്താവളങ്ങളുണ്ട്. മൊബൈൽ മാനുഫാക്ചറിങ് രംഗത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന്റെ ഹരിതോർജ പദ്ധതി, ഇന്ത്യ നവീകരണത്തിന്റെ പാതയിലാണെന്നതിന് ഉദാഹരണമാണെന്ന് മോദി പറഞ്ഞു.

മോദിയുടെ വാക്കുകളെ വലിയ ആവേശത്തോടെയാണ് സദസിലുള്ളവർ സ്വീകരിച്ചത്. അദ്ദേഹം സംസാരിക്കുന്നതിനിടെ കയ്യടികളും ‘മോദി മോദി’ എന്ന ആർപ്പുവിളികളും ഉയർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments