വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കുമായുള്ള പോര് മുറുകുന്നു. മസ്കുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ട്രംപ്. വൈറ്റ് ഹൗസിൽ പാർക്ക് ചെയ്തിരിക്കുന്ന ചുവന്ന ടെസ്‌ല കാർ വിൽക്കുമെന്ന് പ്രസിഡന്റ് ഡോണൾ‍് ട്രംപ് അറിയിച്ചു. മാർച്ച് ഒന്നിനാണ് ട്രംപ് ടെസ്‌ല കാർ വാങ്ങിയത്. ടെസ്‌ലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനായിരുന്നു ഈ നീക്കം.
ഇലോൺ മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അത്തരം ഒരു ആലോചന പോലുമില്ലെന്നും ട്രംപ് ആവർത്തിച്ചു. ഇരുവരുടെയും സോഷ്യൽ മീഡിയ ഹാൻഡിലിലാണ് ഈ പോര് നടന്നു കൊണ്ടിരിക്കുന്നത്. ട്രംപ് ഭരണത്തിലെ എക്സ് ഫാക്ടർ, രാജ്യത്തിന്‍റെ സാമ്പത്തിക, വ്യാവസായിക, നയതന്ത്ര നിലപാടുകളിലും നയങ്ങളിലും എല്ലാം പ്രസിഡന്‍റിന് പിന്നിൽ നിന്ന് ചരടുവലിച്ച ബുദ്ധികേന്ദ്രം, ഗവൺമെന്റ് എഫിഷ്യൻസി നിയന്ത്രിക്കാൻ രൂപീകരിച്ച വകുപ്പിന്‍റെ തലവൻ, അങ്ങനെ അധികാര കേന്ദ്രത്തിലെ ഏറ്റവും ശക്തനായിരുന്ന ഇടത്ത് നിന്നാണ് ഇലോൺ മസ്ക് ഇപ്പോൾ ട്രംപിന്‍റെ ശത്രുപക്ഷത്തേക്ക് മാറിയിരിക്കുന്നത്.
സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് ലോകത്തെ തന്നെ പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന രീതിയിൽ പലതും നടപ്പാക്കുന്ന മസ്കിന്‍റെ രീതി ട്രംപിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ വല്ലാതെ പ്രോത്സാഹിപ്പിച്ചു. പക്ഷെ ഇപ്പോൾ, അന്ന് അംഗീകരിച്ചതെല്ലാം പുറത്തേക്ക് വലിച്ചെറിയുകയാണ് അമേരിക്കൻ പ്രസിഡന്‍റ്.