ന്യൂഡല്‍ഹി: ഇന്ത്യയില്‍ പാക്കറ്റിന് അഞ്ച് രൂപയ്ക്ക് വില്‍ക്കുന്ന പാര്‍ലെ ജി ബിസ്‌ക്കറ്റിന് ഫലസ്തീനിലെ ഗസയില്‍ 2,354 രൂപ വിലവരുമെന്ന് എന്‍ഡിടിവി റിപോര്‍ട്ട്. ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന ഉപരോധവും അധിനിവേശവുമാണ് ഇതിന് കാരണം. ഗസയിലെ മുഹമ്മദ് ജവാദിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ആസ്പദമാക്കിയാണ് എന്‍ഡിടിവി ഈ റിപോര്‍ട്ട് തയ്യാറാക്കിയത്. തന്റെ മകളായ റാവിഫിന് ദിവസങ്ങള്‍ക്ക് ശേഷം ഇഷ്ട ബിസ്‌കറ്റ് ലഭിച്ചെന്ന് മുഹമ്മദ് ജവാദ് പറയുന്നു. 1.5 യൂറോ(147.14 രൂപ) ആയിരുന്ന ബിസ്‌ക്കറ്റിന് ഇപ്പോള്‍ 24 യൂറോ (2,354 രൂപ) ആണെന്ന് പോസ്റ്റ് പറയുന്നു.
ബിസ്‌കറ്റ് പോലുള്ള ഭക്ഷ്യവസ്തുക്കള്‍ മാനുഷിക സഹായമാണ് ഇപ്പോള്‍ ഗസയില്‍ എത്തുന്നതെന്ന് ഗസയിലെ ഡോക്ടറായ ഡോ. ഖാലിദ് അല്‍ഷവ്വ എന്‍ഡിടിവിയോട് പറഞ്ഞു. പക്ഷേ, വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് അത് ലഭിക്കുന്നത്. വലിയൊരു ഭാഗം അക്രമി സംഘങ്ങള്‍ തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വില്‍ക്കും. ഗസയില്‍ ഒരു കിലോഗ്രാം പഞ്ചസാരക്ക് 4,914 രൂപയും ഒരു ലിറ്റര്‍ പാചക എണ്ണയ്ക്ക് 4,177 രൂപയും ഉരുളക്കിഴങ്ങിന് 1,965 രൂപയും സവാളയ്ക്ക് 4,423 രൂപയും ഒരു കപ്പ് കോഫിക്ക് 1,800 രൂപയും വിലവരുമെന്ന് റിപോര്‍ട്ട് പറയുന്നു.
ഗസയിലെ അക്രമി സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നതായി ഇന്നലെ ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. യാസര്‍ അബു ശബാബ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇസ്രായേല്‍ സഹായം നല്‍കുന്നത്. ഗസയില്‍ എത്തുന്ന സഹായവസ്തുക്കള്‍ തട്ടിയെടുക്കുന്നതില്‍ പ്രധാനിയാണ് ഇയാള്‍.