ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും അപ്പുറം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ തടിച്ചുകൂടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. പരിക്കേറ്റ് പലരും റോഡരികിൽ വീണു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്. ആയിരക്കണക്കിന് ആരാധകരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകി.
പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും പൊലീസ് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ബൗറിങ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ജനക്കൂട്ടം അനിയന്ത്രിതമായിരുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. ‘ജനത്തിരക്കിൽ ഖേദിക്കുന്നു. സുരക്ഷ ജോലികൾക്കായി 5,000ത്തിലധികം പൊലീസുകാരെ നിയോഗിച്ചിരന്നു. ഇത് യുവാക്കളുടെ കൂട്ടമാണ്, അവരുടെ നേരെ ലാത്തി പ്രയോഗിക്കാനാകില്ല’ -ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റേഡിയത്തിനടുത്തുള്ള മെട്രോ സ്റ്റേഷനിലും വലിയ തിരക്കുണ്ടായി. തിരക്കിൽപെട്ട് ആളുകൾ മരിച്ചെന്ന വാർത്ത പുറത്തുവന്നതോടെ രക്ഷപ്പെടാന്‍ ആളുകൾ കൂട്ടത്തോടെ മെട്രോ സ്റ്റേഷനുകളിലേക്ക് എത്തി. ദുരന്തവാർത്ത പുറത്തു വന്നതോടെ വിധാൻ സൗധയിലെ സർക്കാർ പരിപാടി വെട്ടിച്ചുരുക്കി ക്രിക്കറ്റ് താരങ്ങൾ മടങ്ങി. തുറന്ന ബസിൽ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിക്കാനായിരുന്നു ആലോചന. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു മാറ്റിവെച്ചു.
വലിയ തിരക്കുണ്ടാകുമെന്നും തുറന്ന ബസിലെ ഷോ ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഐ.പി.എൽ കിരീടവുമായി വിരാട് കോഹ്ലിയും സംഘവും ഉച്ചക്കുശേഷമാണ് ബംഗളൂരുവിലെ എച്ച്.എ.എൽ വിമാനത്താവളത്തിൽ വിമാനം ഇറങ്ങി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ടീം അംഗങ്ങളെ സ്വീകരിച്ചു. പിന്നാലെ താരങ്ങൾ നേരെ ഹോട്ടലിലേക്ക് പോയി. നാലിന് വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ടീമിന് സ്വീകരണം നൽകും.ഐ.പി.എൽ കിരീടവുമായി വിരാട് കോഹ്ലിയും സംഘവും ഉച്ചക്കുശേഷമാണ് ബംഗളൂരുവിലെ എച്ച്.എ.എൽ വിമാനത്താവളത്തിൽ വിമാനം ഇറങ്ങി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ടീം അംഗങ്ങളെ സ്വീകരിച്ചു. പിന്നാലെ താരങ്ങൾ നേരെ ഹോട്ടലിലേക്ക് പോയി. നാലിന് വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ടീമിന് സ്വീകരണം നൽകും.
പിന്നാലെയാണ് വിക്ടറി പരേഡ്. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നേടിയ ഐ.പി.എല്ലിലെ കന്നിക്കിരീടം വമ്പൻ ആഘോഷമാക്കാനായി നിരവധി ആരാധകരാണ് നഗരത്തിൽ തടിച്ചുകൂടിയത്. വിക്ടറി പരേഡിന് പൊലീസ് അനുമതി നിഷേധിച്ചെന്ന വാർത്ത ആരാധകരെ നിരാശരാക്കിയിരുന്നു.മൂന്നു മുതൽ രാത്രി എട്ടു വരെ വിധാൻ സൗധക്കും ചിന്നസ്വാമിക്കും ചുറ്റുമുള്ള റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കാൻ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നുവട്ടം കൈയെത്തുംദൂരത്ത് കൈവിട്ട കിരീടമാണ് ഒടുവിൽ വിരാട് കോഹ്‍ലിയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും എത്തിപ്പിടിച്ചത്. കന്നിക്കിരീടം തേടിയിറങ്ങിയ ടീമുകൾ തമ്മിലുള്ള കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയായിരുന്നു ബംഗളൂരുവിന്റെ കിരീടധാരണം