വാഷിംഗ്ടൺ: അമേരിക്ക ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫ് ഇരട്ടിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 25% ആയിരുന്ന താരിഫ് 50% ആക്കിയാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പിട്ടതോടെ പുതുക്കിയ താരിഫ് പ്രാബല്യത്തിൽ വന്നു.
നിരവധി രാജ്യങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയത്തിൽ വ്യാപകവിമർശനം ഉയരുന്നതിനിടെയാണ് സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫുകൾ ട്രംപ് ഇരട്ടിയാക്കിയത്. നേരത്തെ വ്യാപാര സെക്രട്ടറി ഹൊവാർഡ് ലുട്നിക് രാജ്യത്തെ ലോഹ മേഖല നേരിടുന്ന പ്രതിസന്ധികൾ ട്രംപിന് മുൻപാകെ വിവരിച്ചിരുന്നു. തുടർന്നായിരുന്നു താരിഫ് ഉയർത്താൻ ട്രംപ് തീരുമാനിച്ചത്. എന്നാൽ ബ്രിട്ടനിൽ നിന്നുള്ള ലോഹ ഇറക്കുമതിയുടെ താരിഫ് മാത്രം 25 ശതമാനമായി തുടരും. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരനയം നിലനിൽക്കുന്നതിനാലാണ് ഇത്.
താരിഫുകൾ വർധിപ്പിക്കുന്നത് പ്രാദേശിക വ്യവസായങ്ങൾക്ക് കൂടുതൽ കരുത്ത് പകരും എന്ന് ട്രംപ് പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്നും, നമ്മുടെ വ്യവസായങ്ങളെ ശക്തരാക്കാനാണ് ഈ തീരുമാനമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച പെൻസിൽവാനിയയിലെ ഒരു സ്റ്റീൽ പ്ലാന്റ് സന്ദർശിച്ച ശേഷം താരിഫുകൾ ഉയർത്തുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. ‘നിങ്ങളുടെ വ്യവസായം ആർക്കും മോഷ്ടിക്കാൻ കഴിയില്ല’ എന്നാണ് ട്രംപ് അന്ന് പറഞ്ഞത്. 25 ശതമാനം താരിഫിനെ വിദേശ കമ്പനികൾ എളുപ്പം മറികടക്കുകയാണ്. എന്നാൽ 50 ശതമാനമാക്കി ഉയർത്തിയാൽ അങ്ങനെ മറികടക്കാൻ സാധിക്കില്ല എന്നും ട്രംപ് പറഞ്ഞിരുന്നു.