ന്യൂഡല്‍ഹി : ഇന്ത്യ-പാക് സംഘര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ വിമാനം നഷ്ടപ്പെട്ടിട്ടുണ്ടെന്ന സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം.
നഷ്ടങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
സംയുക്തസേനാ മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ – ഖാര്‍ഗെ പറഞ്ഞു. പ്രതിരോധ രംഗത്തെ തയ്യാറെടുപ്പുകളെക്കുറിച്ച് സമഗ്രമായ പരിശോധന കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.
എന്തുകൊണ്ടാണ് വസ്തുതകളും സത്യങ്ങളും ജനങ്ങളോടും പാര്‍ലമെന്റിനോടും തുറന്ന് പറയാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ചോദിച്ചു.എന്തുകൊണ്ടാണ് തിരിച്ചടിയുടെ വസ്തുതകള്‍ വിദേശമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതെന്ന് ടിഎംസി രാജ്യസഭാംഗം സാഗരിക ഘോഷ് ചോദിച്ചു.

