പാരീസ്: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സുഹൃത്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതകാർ കമ്പനിയായ ടെസ്‌ലയ്ക്ക് യൂറോപ്യൻ വിപണികളിൽ തിരിച്ചടി. 2024 ഏപ്രിലിനെ അപേക്ഷിച്ച് ഇക്കൊല്ലം ഏപ്രിലിൽ കാർ വിൽപ്പനയിൽ 52.6 ശതമാനത്തിന്റെ ഇടിവുണ്ടായി. വൈദ്യുതകാറുകൾക്ക് യൂറോപ്പിൽ പ്രിയമേറുമ്പോഴാണ് ടെസ്ലയ്ക്ക് ദുരവസ്ഥ.
ഏപ്രിലിൽ ടെസ്‌ലയ്ക്ക് 5475 കാറുകളേ വിൽക്കാനായുള്ളൂവെന്ന് യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്സസ് അസോസിയേഷൻ പറഞ്ഞു. ഇക്കൊല്ലത്തെ ആദ്യനാലുമാസത്തെ മൊത്തം കണക്കെടുത്താലും കഴിഞ്ഞകൊല്ലത്തേതിനെക്കാൾ 46.1 ശതമാനം ഇടിവുണ്ട് വിൽപ്പനയിൽ.
മസ്കിന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള വ്യാപക എതിർപ്പാണ് തിരിച്ചടിക്ക് പ്രധാനകാരണം. ഇക്കൊല്ലം ആദ്യ പാദത്തിൽ ലോകവ്യാപകമായി ടെസ്‌ല കാറുകളുടെ വിൽപ്പന 13 ശതമാനം ഇടിഞ്ഞിരുന്നു. ഇതേത്തുടർന്ന് രാഷ്ട്രീയപ്രവർത്തനം കുറയ്ക്കുകയാണെന്ന് മസ്ക് പ്രഖ്യാപിക്കുകയും ചെയ്തു.