Friday, December 5, 2025
HomeNewsമുങ്ങിയ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന കണ്ടയ്‌നറുകൾ കേരളാ തീരത്തേക്കെത്തുന്നു: എണ്ണ കടലിൽ പരക്കുന്നു

മുങ്ങിയ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന കണ്ടയ്‌നറുകൾ കേരളാ തീരത്തേക്കെത്തുന്നു: എണ്ണ കടലിൽ പരക്കുന്നു

കൊല്ലം: കൊച്ചിയിൽ മറിഞ്ഞ എംഎസ്സി എൽസ 3 ചരക്കുകപ്പലിൽ ഉണ്ടായിരുന്ന കണ്ടയ്‌നറുകൾ കേരളാ തീരത്തേക്കെത്തുന്നു. കൊല്ലം തീരത്തേക്കാണ് കൂടുതൽ കണ്ടെയ്നറുകൾ എത്തിക്കൊണ്ടിരിക്കുന്നത്. നീണ്ടകര, ശക്തികുളങ്ങര ഭാഗങ്ങളിൽ 13 കണ്ടെയ്നറുകൾ ഇതിനകം ഒഴുകിയെത്തി. ആലപ്പുഴ തീരത്തേക്കും കണ്ടെയ്നറുകൾ ഒഴുകിയെത്തുന്നുണ്ട്.

നീണ്ടകര പരിമണം ക്ഷേത്രത്തിന് എതിർവശത്ത് രണ്ട്, പരിമണത്തെ ഹോട്ടലിന് പിറകുവശത്ത് മൂന്ന്, നീണ്ടകര ഹാർബറിന് സമീപം അഞ്ച്, കരിത്തുറ ഭാഗത്ത് ഒന്ന്, ശക്തികുളങ്ങര മദാമ്മതോപ്പ് ഭാഗത്ത് ഒന്ന് എന്നിങ്ങനെയാണ് കണ്ടെയ്നറുകൾ ഒഴുകിയെത്തിയത്. കരിത്തുറ ഭാഗത്തു കണ്ട കണ്ടെയ്നർ തീരം തൊട്ടിട്ടില്ല. ഞായറാഴ്ച രാത്രി ചെറിയഴീക്കൽ തീരത്ത് ഒരു കണ്ടെയ്നർ എത്തിയിരുന്നു. ഇനിയും കൂടുതൽ കണ്ടെയ്നറുകൾ കൊല്ലം തീരത്തേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് വിവരം.

കണ്ടെയ്നറുകൾ എല്ലാം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പോലീസും ഫയർഫോഴ്സും ചേർന്ന് കയറുകൊണ്ട് ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടെയ്നറുകൾ ഏറ്റെടുക്കുന്നതിന് കസ്റ്റംസ് അധികൃതർ ഉച്ചയോടെ എത്തും. തീരത്ത് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. കുഫോസിലെ ശാസ്ത്രജ്ഞർ കടലിലെ വെള്ളം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. നിലവിൽ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോകുന്നത് വിലക്കിയിട്ടുണ്ട്.

കണ്ടെയ്‌നറുകളിൽ ഒരെണ്ണം ആലപ്പുഴ ആറാട്ടുപുഴ തീരത്തടിഞ്ഞു. തറയിൽക്കടവ് ഭാഗത്താണ് പുലർച്ചെ നാട്ടുകാർ കണ്ടെയ്‌നർ കണ്ടത്. കടലിൽ ഒഴുകിനടന്ന കണ്ടെയ്‌നർ പിന്നീട് കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. സാധനങ്ങൾ മുഴുവൻ കടലിൽ ഒഴുകി നടക്കുകയാണ്. രണ്ട് കണ്ടെയ്‌നർ കൂട്ടിച്ചേർത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഓറഞ്ച് തുണികൊണ്ടു പൊതിഞ്ഞ ബോക്‌സിനു മുകളിൽ സോഫി ടെക്‌സ് (SOFI TEX) എന്നാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.

കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ 73 എണ്ണവും കാലിയാണ്. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തൽ. ബാക്കി എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല. കസ്റ്റംസ് നിയമമനുസരിച്ച് ഈ കണ്ടെയ്നറുകൾ ഒഴുകി കേരളതീരം തൊട്ടാൽ കസ്റ്റംസിനാണ് പിന്നെ പൂർണ ഉത്തരവാദിത്വം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments