തെഹ്റാൻ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ ഉത്തരവാദിത്തത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റിനും ഉദ്യോഗസ്ഥർക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഹുസൈനിയ്യയിലെ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം കൊണ്ടുവരാൻ അധികാരം ഉപയോഗിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം നുണയാണ്. ഗസ്സയിലെ കുട്ടികൾ, ആശുപത്രികൾ, വീടുകൾ എന്നിവക്ക് നേരെ അക്രമണമഴിച്ചുവിടാൻ സയണിസ്റ്റ് ഭരണകൂടത്തിന് ബോംബുകൾ നൽകാൻ അമേരിക്ക തങ്ങളുടെ ശക്തി ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സയണിസ്റ്റ് ഭരണകൂടത്തെ മേഖലയിലെ അഴിമതിയുടെയും യുദ്ധത്തിന്റെയും ഏറ്റവും വലിയ ഉറവിടമെന്നാണ് ഖാംനഈ വിശേഷിപ്പിച്ചത്. ഇസ്രായേൽ മേഖലയിലെ ട്യൂമർ ആണെന്നും എത്രയും വേഗം ഇല്ലാതാക്കപ്പെടണമെന്നും ഖാംനഈ പറഞ്ഞു.
അമേരിക്കയുടെ പിന്തുണയില്ലാതെ മേഖലയിലെ രാജ്യങ്ങൾക്ക് നിലനിൽക്കാനാവില്ലെന്ന പ്രസിഡന്റിന്റെ പ്രസ്താവനയെ ‘സ്വന്തം ജനതക്ക് തന്നെ നാണക്കേടുണ്ടാക്കുന്നത് ‘ എന്നാണ് അദ്ദേഹം വിമർശിച്ചത്. യുഎസ് വൈകാതെ മേഖലയിൽ നിന്ന് പിന്തിരിയേണ്ടിവരുമെന്നും കാര്യങ്ങൾ അവർക്കെതിരിൽ തിരിയുമെന്നും കൂട്ടിച്ചേർത്തു.