മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഖാലിസ്ഥാൻ അനുകൂലികളായ ഒരു കൂട്ടം സിഖുകാരുമായി വൈറ്റ് ഹൗസിൽ എത്തി യുഎസ് ദേശീയ സുരക്ഷാ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.. അമേരിക്കയുടെ മണ്ണിൽ നടക്കുന്ന ഏതൊരു രാജ്യാന്തര ആക്രമണത്തിൽ നിന്നും സംരക്ഷണംവൈറ്റ് ഹൗസ് ഉറപ്പ് നൽകിയതായി അവർ അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ അതിർത്തിക്കുള്ളിൽ ആയിരിക്കുമ്പോൾ അമേരിക്കൻ പൗരന്മാരെ ഏത് അപകടത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. കാനഡയും യുഎസും ഖാലിസ്ഥാൻ വിഘടനവാദികൾക്ക് അഭയവും ആശ്രയവും നൽകുന്നുവെന്ന ഇന്ത്യയുടെ ആശങ്കകൾക്കിടയിലാണ് ഈ സംഭവവികാസം.
ഡെലവെയറിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനും ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിലെ ‘സമ്മിറ്റ് ഓഫ് ദ ഫ്യൂച്ചർ’ പരിപാടിയെ അഭിസംബോധന ചെയ്യാനും പ്രധാനമന്ത്രി മോദി യുഎസിൽ ഇറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വൈറ്റ് ഹൗസിലെ ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
ഔദ്യോഗിക വൈറ്റ് ഹൗസ് കോംപ്ലക്‌സിനുള്ളിൽ നടന്ന യോഗത്തിൽ അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റിയുടെ പ്രിത്പാൽ സിംഗ്, സിഖ് കോലിഷൻ, സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എജ്യുക്കേഷൻ ഫണ്ട് (SALDEF) പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
“സിഖ് അമേരിക്കക്കാരുടെ ജീവൻ രക്ഷിക്കുന്നതിനും ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സംരക്ഷിക്കുന്നതിനും മുതിർന്ന ഫെഡറൽ ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് നന്ദി പറയാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. കൂടുതൽ കാര്യങ്ങൾ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു, അവരുടെ ഉറപ്പിൽ ഞങ്ങൾ വിശ്വസിക്കുന്നു,” അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റിയുടെ സ്ഥാപകൻ പ്രിത്പാൽ സിംഗ് പിടിഐയോട് പറഞ്ഞു.
ഇതാദ്യമായാണ് സിഖ് വിഘടനവാദികളുമായി യുഎസ് ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നത്. മീറ്റിംഗിൻ്റെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. വൈറ്റ് ഹൗസാണ് കൂടിക്കാഴ്ചയ്ക്ക് തുടക്കമിട്ടതെന്നതാണ് അറിയാൻ കഴിഞ്ഞത്. അമേരിക്കയിൽ അഭയം പ്രാപിച്ച ഖാലിസ്ഥാൻ വാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ ഈയാഴ്ച ഇന്ത്യാ സർക്കാരിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമെതിരെ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു, തുടർന്ന് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് ജില്ലാ കോടതി സമൻസും അയച്ചു.
ഇന്ത്യൻ സർക്കാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ, റോ ഏജൻ്റ് വിക്രം യാദവ്, 2023 നവംബറിൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത എന്നിവരെയാണ് സമൻസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഇന്ത്യൻ സർക്കാർ ജീവനക്കാരൻ” ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയെന്നാണ് കേസ്.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ഇത് തികച്ചും അനാവശ്യമായ കേസാണെന്നും പന്നൂൻ്റെ മുൻ ചരിത്രം അറിയപ്പെടുന്നതാണെന്നും അദ്ദേഹം നിയമവിരുദ്ധമായ ഒരു സംഘടനയിൽ നിന്നുള്ളയാളാണെന്നും മറുപടിയിൽ പറഞ്ഞു.
റാഡിക്കൽ സിഖ്‌സ് ഫോർ ജസ്റ്റിസിൻ്റെ (എസ്എഫ്‌ജെ) തലവനാണ് പന്നൂൻ, ഇന്ത്യൻ നേതാക്കൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പ്രകോപനപരമായ പ്രസംഗങ്ങളും ഭീഷണികളും നടത്താറുണ്ട്. ന്യൂഡൽഹി 2020ൽ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.