Thursday, May 22, 2025
HomeAmericaപോപ്പ് ചിത്രം തന്റേതല്ല: എ.ഐ ചിത്രത്തിൽ സ്വന്തം പങ്ക് നിഷേധിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

പോപ്പ് ചിത്രം തന്റേതല്ല: എ.ഐ ചിത്രത്തിൽ സ്വന്തം പങ്ക് നിഷേധിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിംങ്ടൺ: പുതിയ പോപ്പ് ആയി തന്നെ ചിത്രീകരിച്ചുകൊണ്ടുള്ള എ.ഐ ചിത്രത്തിൽ സ്വന്തം പങ്ക് നിഷേധിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹ മാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ലും വൈറ്റ് ഹൗസിന്റെ ‘എക്സ്’ പേജിലും ആണ് വെളുത്ത വസ്ത്രങ്ങളും പോപ്പ് ധരിച്ചതിന് സമാനമായ ആചാരപരമായ ശിരോവസ്ത്രവും ധരിച്ച് ട്രംപിനെ കാണിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. ഏപ്രിൽ 21ന് അന്തരിച്ച പോപ്പ് ഫ്രാൻസിസിന്റെ ദു:ഖാചരണ വേളയിൽ തന്നെ ഇത് സംഭവിച്ചത് കത്തോലിക്കാ വിഭാഗക്കാരിൽ നിന്നടക്കം വലിയ പ്രതിഷേധത്തിനിടയാക്കി.

സ്വന്തം അക്കൗണ്ടിലെ ചി​ത്രത്തിനു പിന്നിൽ ട്രംപ് തന്നെയാണെന്ന് തോന്നിക്കാൻ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഒരു കാരണവുമുണ്ടായിരുന്നു. അതിന് തൊട്ടുമുമ്പുള്ള ദിവസമായിരുന്നു അടുത്ത പോപ്പ് ആവാൻ ‘ഞാൻ ആഗ്രഹിക്കുന്നു’ എന്ന് ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. അത് ഒരു നല്ല ഓപ്ഷൻ ആണെന്നും തമാശ രൂപേണ ട്രംപ് പറയുകയുണ്ടായി.

എന്നാൽ, ചിത്രം വിവാദമായതോടെ പ്രതികരിക്കാൻ യു.എസ് പ്രസിഡന്റ് നിർബന്ധിതനായി. ‘അത് ഞാനല്ല‘ എന്നും ‘അതുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തിട്ടില്ല’ എന്നും ഓവൽ ഓഫിസിൽ റിപ്പോർട്ടറുമാരുടെ ചോദ്യത്തിന് മറുപടി നൽകി. പോപ്പിനെ പോലെ തോന്നിപ്പിക്കുന്ന വസ്ത്രം ധരിപ്പിച്ച് തന്റെ ചിത്രം ആരോ പ്രചരിപ്പിച്ചതാണെന്നും തനിക്കിതിൽ ഒരു പങ്കുമില്ലെന്നും ആയിരുന്നു മറുപടി. ഇത് എവിടെ നിന്ന് വന്നുവെന്ന് തനിക്കറിയില്ല എന്നും ചിലപ്പോൾ എ.ഐ ആയിരിക്കാമെന്നും ട്രംപ് പറഞ്ഞു.

ചിത്രം കണ്ട് കത്തോലിക്കർ അസ്വസ്ഥരായത് അറിയാമോ എന്ന് ചോദ്യത്തിന് ‘അവർക്ക് ഒരു തമാശയും ഉൾക്കൊള്ളാൻ കഴിയില്ല’ എന്ന് പറഞ്ഞ ട്രംപ് പിന്നീട് മാധ്യമങ്ങളെ കുറ്റപ്പെടുത്തി. ‘നിങ്ങൾ കത്തോലിക്കരെയല്ല ഉദ്ദേശിക്കുന്നത്. വ്യാജ വാർത്താ മാധ്യമങ്ങളെയാണ്. കത്തോലിക്കർക്ക് അത് വളരെ ഇഷ്ടപ്പെട്ടു’ എന്നും ട്രംപ് പറഞ്ഞു.

എന്നാൽ, കത്തോലിക്കാ നേതൃത്വത്തിന്റെ പ്രതികരണങ്ങൾ മറിച്ചാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പാപ്പയെ പരിഹസിക്കുന്നതോ ഇകഴ്ത്തുന്നതോ ഒരിക്കലും ഉചിതമല്ല എന്ന് രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരെ പ്രതിനിധീകരിക്കുന്ന ന്യൂയോർക്ക് സ്റ്റേറ്റ് കാത്തലിക് കോൺഫറൻസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഡെന്നിസ് പൗസ്റ്റ് ന്യൂയോർക്ക് ടൈംസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments