ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താൻ. റഷ്യയിലെ പാക് അംബാസിഡറാണ് ആണവായുധ ഭീഷണി മുഴക്കിയത്. ഇന്ത്യ ആക്രമിച്ചാൽ ആണായുധം ഉൾപ്പടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നാണ് പാകിസ്താന്റെ ഭീഷണി.
റഷ്യൻ മാധ്യമമായ ആർ.ടിക്ക് നൽകിയ അഭിമുഖത്തിൽ പാക് നയതന്ത്ര പ്രതിനിധിയായ മുഹമ്മദ് ഖാലിദ് ജമാലിയാണ് അഭിപ്രായപ്രകടനം നടത്തിയത്. പാകിസ്താനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ ആക്രമണം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടെന്നായിരുന്നു ഖാലിദിന്റെ പരാമർശം.
ഇന്ത്യയിലെ മാധ്യമങ്ങൾ തങ്ങൾക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചർച്ചകളിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. എന്നാൽ, ഇന്ത്യ ആക്രമിച്ചാൽ സാധാരണ ആയുധങ്ങൾ മുതൽ ആണവായുധങ്ങൾ വരെ ഉപയോഗിച്ച് ആക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ പാകിസ്താൻ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അതിർത്തികളിൽ 130 മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു. നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും വിസക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പാകിസ്താൻ സെലിബ്രേറ്റികളുടെ എക്സ് അക്കൗണ്ട് ഇന്ത്യ ബ്ലാക്ക് ചെയ്യുകയും ചെയ്തിരുന്നു.