തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മിഷനിങിനിടെ വിവാദമുണ്ടാകേണ്ട ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍. അദാനിയെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അദാനി ഇപ്പോൾ നമ്മുടെ പാർട്ണറാണ്. കരാർ തീരും വരെ അവർ അതാണ്. അത് പറയുന്നതിന് എന്താണ് കൂഴപ്പം? കേരളത്തിന്റെ അഭിമാന പദ്ധതി കൊണ്ടുവന്നത് ഈ ഗവൺമെന്റല്ലേ? അത് മറച്ചുപിടിച്ച് ഒരുപരാമർശം മാത്രമെടുത്ത് വിവാദമുണ്ടാക്കാനുള്ള പരിശ്രമമമാണ് നടത്തുന്നത്. നമ്മൾ പറഞ്ഞരീതിയിലല്ല പ്രധാനമന്ത്രി അത് വിവരിച്ചത്. അദ്ദേഹം ദുസ്സൂചനയോടെയാണ് പരാമർശിച്ചത്. നല്ല രൂപത്തിൽ കാര്യം നടന്നപ്പോൾ എന്തെങ്കിലും പറഞ്ഞ് ബഹളമുണ്ടാക്കണമല്ലോ എന്നതിനാലാണ് വിവാദമാക്കുന്നത്’ -വാസവൻ പ്രതികരിച്ചു.
മന്ത്രി വാസവൻ അദാനിയെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിച്ചത് പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. കമ്യൂണിസ്റ്റ് മന്ത്രി സ്വകാര്യപങ്കാളിത്തത്തെ പിന്തുണയ്ക്കുന്നുവെന്നും ഇതാണ് പുതിയ ഇന്ത്യയെന്നുമാണ് മോദി പ്രസംഗമധ്യേ പറഞ്ഞത്.
കരാര്‍ പ്രകാരം 2045ല്‍ മാത്രമേ പൂര്‍ത്തിയാവേണ്ട വിഴിഞ്ഞം തുറമുഖത്തിന്‍റെ എല്ലാ ഘട്ടങ്ങളും 2028ല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2024ല്‍ തന്നെ കൊമേഴ്‌സ്യല്‍ ഓപറേഷൻ ആരംഭിച്ചു. മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്നിങ്ങോട്ട് 250ലേറെ കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ഒന്നാംഘട്ടം പതിറ്റാണ്ടുമുമ്പ് പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യുന്നു. ഒരുപാട് പ്രതികൂല ഘടകങ്ങൾ തുറമുഖ നിർമാണ ഘട്ടത്തിലുണ്ടായി. , ഇതര പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍, എന്നിവയൊക്കെ സമ്പദ്ഘടനയെ ഉലച്ചു. എന്നാല്‍, കേരളം അവിടെ തളര്‍ന്നുനിന്നില്ല. നിർമാണ കമ്പനിയും നല്ല രീതിയിൽ സഹകരിച്ച് മുന്നോട്ട് പോയി.
വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് തങ്ങള്‍ കൈക്കൊണ്ടത്. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് വേണ്ടെന്ന നയമായിരുന്നു. അതുപ്രകാരമാണ് 2016ല്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർഥ്യമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

