ദില്ലി: വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ. നിയമത്തിലെ മാറ്റങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. പാർലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നും ഇത് പാർലമെന്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വഖഫ് ഭേദഗതി കാരണം അനീതി നേരിട്ടെന്ന് കാണിച്ച് ആരും കോടതിയിൽ എത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു. നിയമം സ്റ്റേ ചെയ്യരുത് എന്ന വാദത്തിൽ ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകാൻ കോടതി നേരത്തെ കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
വഖഫ് നിയമം സ്വകാര്യ, സർക്കാർ ഭൂമി കൈക്കലാക്കാൻ ദുരുപയോഗം ചെയ്തെന്ന് ആരോപിക്കുന്ന കേന്ദ്രം ഇതിനെതിരായ പരാതികളും സത്യവാങ്മൂലത്തിനൊപ്പം നൽകിയിട്ടുണ്ട്. കേസ് ഇനി പരിഗണിക്കുന്നത് മെയ് മൂന്നിനാണ്.വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിൻ്റെ തുടർനീക്കം തടഞ്ഞുള്ളതായിരുന്നു സുപ്രീംകോടതി വിധി.
നിലവിലെ വഖഫ് സ്വത്തുക്കൾ അതല്ലാതാക്കാനോ വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രത്തിന് കൂടുതൽ രേഖകൾ നൽകാൻ സമയം നല്‍കിയ കോടതി കേസ് ഇനി പരിഗണിക്കുന്ന മേയ് മൂന്ന് വരേക്കാണ് ഈ ഉത്തരവ് നല്‍കിയത്. നിയമം പൂർണ്ണമായി സ്റ്റേ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.