വത്തിക്കാൻ സിറ്റി ∙ ഉയിർപ്പു ഞായറാഴ്ച വിശ്വാസികളെ ആശീർവദിച്ചു കടന്നുപോയ അതേ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വീണ്ടുമെത്തി. കരങ്ങൾ പ്രാർഥനപോലെ നെഞ്ചോടുചേർത്ത്, ചുവപ്പുവിരിച്ച പേടകത്തിൽ നിശ്ചലം, മൗനം. അന്നു രോഗത്തെ അതിജീവിച്ചെത്തിയ പാപ്പായെ ‘വിവാ ഇൽ പാപ്പാ’ വിളികളോടെ സ്വീകരിച്ച ജനം ഇന്നലെ നിശ്ശബ്ദം നിന്നു. വിലാപാർദ്രമായ കണ്ണുകൾ പാപ്പായെ പിന്തുടർന്നു. ഓശാനഞായറിൽ ക്രിസ്തുവിന്റെ രാജകീയ പ്രവേശത്തിൽ ആർത്തുല്ലസിച്ച ജറുസലം നിവാസികളെ ദുഃഖവെള്ളി, ദുഃഖത്തിലാഴ്ത്തിയത് ഓർമിപ്പിക്കുന്നതുപോലെ.
സാന്താ മാർത്ത വസതിയിൽനിന്നു കർദിനാൾമാരുടെ വിലാപയാത്രയുടെ അകമ്പടിയോടെയാണു സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് പൊതുദർശനത്തിനായി പാപ്പായെ ഇന്നലെ കൊണ്ടുവന്നത്. പാപ്പായുടെ ആഗ്രഹംപോലെ ഉയർന്ന പീഠം ഒഴിവാക്കി ചെറിയ റാംപിൽ പേടകം വച്ചു. ഇരുവശത്തും 2 വീതം സ്വിസ് ഗാർഡുമാർ കാവൽനിന്നു.
സഭാതലവന്റെ ചുമതല വഹിക്കുന്ന കർദിനാൾ കെവിൻ ഫാരൽ നയിച്ച പ്രാർഥനകൾക്ക് വിലാപഗാനത്തിന്റെ അകമ്പടിയോടെ ക്വയർ ടീം അണിചേർന്നു. കർദിനാൾമാരും ബിഷപ്പുമാരും ആദരാഞ്ജലി അർപ്പിച്ചു. പിന്നാലെ ആയിരക്കണക്കിനു വിശ്വാസികൾ പാപ്പായെ അവസാനമായി കണ്ട് കടന്നുപോയി. വിശ്വാസികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ അർധരാത്രിക്കുശേഷവും പൊതുദർശനം നീട്ടുമെന്നു വത്തിക്കാൻ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് പത്തിനു പൊതുദർശനം പൂർത്തിയാക്കി പേടകം അടയ്ക്കും. ശനിയാഴ്ച ഇന്ത്യൻ സമയം 1.30ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കി പാപ്പായെ മേരി മേജർ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. ലോകനേതാക്കൾ സാക്ഷ്യം വഹിക്കും. പിന്നീട് 9 ദിവസം ദുഃഖാചരണം. പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിനു മേയ് 5നു മുൻപു തുടക്കമാകും. 135 കർദിനാൾമാർക്കാണു വോട്ടവകാശം.