തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 ജൂൺ വരെയാണ് അദ്ദേഹത്തിൻ്റെ സർവീസ് കാലാവധി. നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ സർവീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജയതിലകിൻ്റെ നിയമനം.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
സംസ്ഥാനത്തിൻറെ അൻപതാമത് ചീഫ് സെക്രട്ടറിയാണ് എ ജയതിലക്. നിലവിൽ ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ ശേഷമാണ് ജയതിലക് സിവിൽ സർവ്വീസിലേക്ക് വഴിമാറിയത്. 1991 ൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത നേട്ടം കരസ്ഥമാക്കി. കോഴിക്കോട് കളക്ടറായി മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ആഭ്യന്തരം, റവന്യൂ, ടൂറിസം വകുപ്പുകളിൽ സെക്രട്ടറിയായിരുന്നു. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച വിവാദങ്ങളിൽ ജയതിലക് ഇതുവരെ പ്രതികരിച്ചിരുന്നില്ല. പുതിയ സ്ഥാനം ഉറപ്പായ ശേഷവും വിവാദങ്ങളോട് പ്രതികരിക്കാതെ ഒഴിയുന്ന രീതി ജയതിലക് ആവർത്തിച്ചു. കേരള കേഡറിലെ സീനിയർ ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര സർവീസിൽ നിന്ന് മടങ്ങാൻ തയ്യാറാകാതെ വന്നതോടെയാണ് ജയതിലകിന് അവസരം ലഭിച്ചത്
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്നും നിലവിൽ അതിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളോട് പ്രതികരിക്കാനില്ല. വയനാട് പുനരധിവാസ പദ്ധതി നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കും. താൻ പിടിവാശിക്കാരനല്ല. കാര്യങ്ങൾ കൃത്യമായി നടക്കണമെന്ന നിലപാടുണ്ട്. സർവ്വീസിൽ കയറുമ്പോൾ ചിഫ് സെക്രട്ടറിയായി വിരമിക്കുമെന്ന് ഒരിക്കലും നിശ്ചയിക്കാനാവില്ല. അതൊക്കെ സർവ്വീസ് ക്രമമനുസരിച്ച് നടക്കുന്നതാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു