തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായത് രാജ്യത്തിനെതിരായ കടന്നാക്രമണമാണെന്നും മതപരമാക്കാൻ ശ്രമിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ മത വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
“എന്ത് വിഷയം ഉണ്ടായാലും മതപരമാക്കാനാണ് ശ്രമിക്കുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയാണോയെന്ന് ഇന്ത്യയിലെ തന്നെ സംഘടനയാണോയെന്ന് അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരാണ് പറയേണ്ടത്. അതിന് മുമ്പ് ചര്‍ച്ച നടത്തി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ട കാര്യമില്ല. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ മത വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല.
ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് എല്ലായിടത്തുമുള്ളത്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും ഓരോരുത്തര്‍ ചാടി വീഴുകയാണ്. മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. അതിനെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടത്” – വി.ഡി. സതീശൻ വ്യക്തമാക്കി.
നേരത്തെ, ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ച് ആക്രമിക്കുന്നതിന്‍റെ അർഥം രാജ്യത്തെ ജനങ്ങളിൽ വിഭാഗീയതയുണ്ടാക്കുക എന്നതാണെന്ന് മേജർ രവി അഭിപ്രായപ്പെട്ടിരുന്നു. ഭീകരർക്ക് ഹിന്ദുവാണോ മുസ്‌ലിമാണോ എന്നൊന്നുമില്ല. അവരെ സംബന്ധിച്ച് എല്ലാവരും ഇന്ത്യക്കാരാണ്. അപ്പോൾ, ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിക്കുന്നത് കശ്മീരിലെ മുസ്‌ലിംകൾ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണെന്നും മേജർ രവി ചാനൽ ചർച്ചയിൽ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തിൽ മലയാളിയായ രാമചന്ദ്രനുൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 26 പേർക്ക് ബൈസാരൻ പുൽമേട്ടിൽവെച്ചും മൂന്ന് പേർക്ക് ആശുപത്രിയിൽ ചികിത്സക്കിടെയും ജീവൻ നഷ്ടമായി.