Friday, May 2, 2025
HomeNewsകുംഭമേള രാഷ്ട്രിയമേളയാക്കി യോഗി അടുത്ത പ്രധാനമന്ത്രിയാവാൻ ആഗ്രഹിക്കുന്നു: വിമർശനവുമായി അഖിലേഷ് യാദവ്

കുംഭമേള രാഷ്ട്രിയമേളയാക്കി യോഗി അടുത്ത പ്രധാനമന്ത്രിയാവാൻ ആഗ്രഹിക്കുന്നു: വിമർശനവുമായി അഖിലേഷ് യാദവ്

പ്രയാഗ്‌രാജ്: യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവും എം.പിയുമായ അഖിലേഷ് യാദവ്. മഹാ കുംഭമേളയിലേക്ക് രാഷ്ടീയം കടത്താൻ ബി.ജെ.പി ശ്രമം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ടീയ കുംഭമേളയാക്കാനാണ് അവർ ആഗ്രഹിച്ചത്.

മതപരമായ കുംഭമേളയായിരുന്നില്ല ഇത്. രാഷ്ട്രീയ മേളയായിരുന്നു.അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി യോഗി ആദിത്യനാഥിന്‍റെ പേര് ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് അവിടെ നടന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

മതങ്ങൾക്കിടയിൽ ആരെങ്കിലും വിള്ളലുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ അത് ബി.ജെ.പിയാണ്. മതത്തിന്‍റെയും ജാതിയുടെയും പേരിൽ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. അവർ അതിനായാണ് ഫണ്ട് ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി എം.പി നിഷികാന്ത് ദുബെ സുപ്രീം കോടതിയെക്കുറിച്ചുള്ള നടത്തിയ പരാമർശം രാഷ്ട്രീയ വിവാദമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവ് വിമർശനങ്ങളുമായി രംഗത്തെത്തിയത്.

സുപ്രീംകോടതി പരിധികൾ ലംഘിക്കുകയാണെന്നാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ എക്സിലെ പോസ്റ്റിലും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലും ആരോപിച്ചത്. സുപ്രീംകോടതി നിയമങ്ങളുണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് പൂട്ടിയിടുന്നതാണ് നല്ലത്. ആർട്ടിക്കൾ 368 പ്രകാരം പാർലമെന്റിന് നിയമങ്ങൾ ഉണ്ടാക്കാനുള്ള അവകാശമുണ്ട്. ഈ നിയമങ്ങൾ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യുന്നത്.

എന്നാൽ, കോടതി രാഷ്ട്രപതിക്കും ഗവർണർക്കും നിയമങ്ങൾ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയാണ്. രാമക്ഷേത്രം, കൃഷ്ണജന്മഭൂമി, ഗ്യാൻവ്യാപി എന്നിവ നിങ്ങളുടെ മുന്നിലെത്തുമ്പോൾ രേഖകൾ ആവശ്യപ്പെടും. എന്നാൽ, മുഗളൻമാർ നിർമിച്ച പള്ളികളുടെ കാര്യം വരുമ്പോൾ ഒരു രേഖകളും ആവശ്യപ്പെടില്ലെന്നും ദുബെ കുറ്റപ്പെടുത്തി.

അതേസമയം, ബി.ജെ.പി പ്രസ്താവനയിൽ നിന്നും അകലം പാലിക്കുകയാണ്. നിഷികാന്ത് ദുബെ സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനും എതിരായി നടത്തിയ പ്രസ്താവനയിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്ന് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതിനെ ബി.ജെ.പി അനുകൂലിക്കുകയോ പ്രതികൂലിക്കുകയയോ ചെയ്തിട്ടില്ല. പ്രസ്താവന തള്ളിക്കളയുകയാണെന്നും നദ്ദ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments