പട്ന: ബിഹാർ ദർഭംഗയിൽ മരിച്ചെന്ന് കരുതിയ 17 വയസ്സുള്ള ആൺകുട്ടി 70 ദിവസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. ഫെബ്രുവരി എട്ടിനാണ് കുട്ടിയെ കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം 45,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് ഒരു ഫോൺ കോൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ കുടുംബം 5,000 രൂപയാണ് കൈമാറിയത്.
ഫെബ്രുവരി 28 ന് ഗുരുതരമായി പരിക്കേറ്റ ഒരു ആൺകുട്ടിയെ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാർച്ച് 1 ന് കുട്ടി മരണമടഞ്ഞു. കാണാതായ കുട്ടിയുടെ മാതാപിതാക്കളെയും മൃതദേഹം തിരിച്ചറിയാൻ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ ഡി.എൻ.എ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് സമ്മർദ്ദം ചെലുത്തി ഡി.എൻ.എ പരിശോധനയ്ക്കുള്ള അപേക്ഷ പിൻവലിപ്പിച്ചു.
സർക്കാരിൽ നിന്ന് കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിച്ചു. കുട്ടി കഴിഞ്ഞ ദിവസം ദർഭംഗ ജില്ലാ കോടതിയിൽ ഹാജരായി തട്ടിക്കൊണ്ടുപോയതായി പരാതി നൽകി. ക്രിക്കറ്റ് കളിക്കുന്നതിനിടെ അജ്ഞാതരായ നാലാളുകൾ തുണി വായിൽ തിരുകി വണ്ടിയിൽ കയറ്റിയിൽ കൊണ്ടുപോകുകയായിരുന്നു. പിന്നീട് നടന്നതൊന്നും തനിക്ക് ഓർമയില്ലെന്നും കുട്ടി പറഞ്ഞു. കുറെ കഴിഞ്ഞാണ് തന്നെ നേപ്പാളിലേക്കാണ് തട്ടിക്കൊണ്ടുവന്നതെന്ന് മനസിലായത്. അവിടെ നിന്ന് കുട്ടി രക്ഷപ്പെടുകയായിരുന്നു.
കുട്ടി ജീവനോടെയുണ്ടെന്ന് വീഡിയോ കോള്‍ വഴി അറിയിച്ചതായി കുടുംബം കോടതിയെ അറിയിച്ചു. തുടര്‍ന്ന് സഹോദരന്‍ നേപ്പാളിലേക്ക് പോയി അവനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തിരിച്ചെത്തിയ ശേഷം പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനുപകരം നേരിട്ട് കോടതിയിൽ ഹാജരാകാൻ കുട്ടിയും ബന്ധുക്കളും തീരുമാനിച്ചു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.