മലപ്പുറം: നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കുമെന്നും പാര്‍ട്ടിയിൽ തര്‍ക്കങ്ങളില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പാർട്ടിയും മുന്നണിയും നേരത്തെ സജ്ജമാണ്. പിവി അൻവറിന്‍റെ പിന്തുണ യുഡിഎഫിന് കിട്ടും. പാർട്ടിയിലെ പിണക്കങ്ങൾ എല്ലാം തീർത്തുവെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധിയില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയും പ്രഖ്യാപിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതേസമയം, നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അൻവറിന്‍റെ ഇടപെടലുകളും കോൺഗ്രസിലെ ചേരിതിരിവും സ്ഥാനാർത്ഥി നിർണ്ണയത്തെ ബാധിക്കുന്നുവെന്ന ചർച്ചകൾക്കിടെയാണ് കെ സി വേണുഗോപാലിന്‍റെവിശദീകരണം. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയാലും കുഴപ്പമില്ലെന്നും മുന്നണി പ്രവേശനമാണ് പ്രധാന വിഷയമെന്നും അൻവറിന്‍റെ വലം കൈ ഇ എ സുകുവും വ്യക്തമാക്കി.
ഷൗക്കത്തിനും ജോയിക്കും വേണ്ടി കോൺഗ്രസിനകത്തും മുന്നണിക്ക് അകത്തും വിവിധ സമ്മർദ ചേരികളുണ്ട്. ആരെ തഴഞ്ഞാലും പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്ക നില നിൽക്കുകയാണ്. എന്നാൽ, പാർട്ടി ഒറ്റക്കെട്ടാണ് എന്നുള്ള വിശദീകരണമാണ് ആറ്യാടൻ ഷൗക്കത്ത് നൽകുന്നത്. ജോയിക്ക് അനുകൂലമായ നിലപാടിൽ അൻവർ ഉറച്ചു നിൽക്കുകയാണെങ്കിലും അയയാനുള്ള സാധ്യത ഉണ്ടെന്നാണ് തൃണമൂൽ നേതാവ് ഈ എ സുകു പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തൊട്ടടുത്ത മണിക്കൂറിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ, അൻവറിന്‍റെ മുന്നണി പ്രവേശം അതിനുമുമ്പ് ഉറപ്പാക്കണമെന്നാണ് ആവശ്യം. ഷൗക്കത്തിനെയോ ജോയിയെയോ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് കോൺഗ്രസ്. കോൺഗ്രസിലെ അടി ഒഴുക്കുകൾ മനസിലാക്കിയിരിക്കും സിപിഎമ്മിന്‍റെ നീക്കം.