ചെന്നൈ : ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ഇന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയിൽ വിദഗ്ധനായ അദ്ദേഹത്തെ 2000 ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിൽ ആദരിക്കപ്പെടുന്ന ഡോ.മാത്യു സാമുവലാണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.
സംസ്കാരം ഏപ്രിൽ 21 ഉച്ചയ്ക്ക് രണ്ടിന് കോട്ടയത്ത് മാങ്ങാനത്തെ വീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം മൂന്നിന് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
1948 ജനുവരി ആറിന് കോട്ടയത്താണ് ഡോ. മാത്യു ജനിച്ചത്. ആലുവ യുസി കോളജിലെ പഠനത്തിനു ശേഷം 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് നേടി. ചെന്നൈയിലെ സ്റ്റാന്‍ലി കോളജില്‍നിന്ന് എംഡിയും മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിഎമ്മും പാസായ ശേഷം പീഡിയാട്രിക് സർജറി ട്യൂട്ടറായി ജോലി തുടങ്ങി
അക്കാലത്ത്, ആൻജിയോപ്ലാസ്‌റ്റിയുടെ തലതൊട്ടപ്പനായി അറിയപ്പെട്ടിരുന്ന സൂറിക്കിലെ ഡോ. ആൻഡ്രിയാക് ജെൻസിക്കിന് ഡോ. മാത്യു കത്തുകൾ എഴുതിയിരുന്നു. ഡോ. ജെൻസിക് മാത്യുവിനെ സൂറിക്കിലേക്കു ക്ഷണിച്ചു. ഒരു സ്‌കോളർഷിപ് നേടി മാത്യു സൂറിക്കിലേക്കു പോയി.വൈകാതെ ജെൻസിക്കിനൊപ്പം മാത്യുവും യുഎസിലേക്കു പോയി. അവിടെഅറ്റ്‌ലാന്റയിലെ എമറി സർവകലാശാലയിൽ ആൻജിയോപ്ലാസ്‌റ്റിയിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി. 1986ൽ ചെന്നൈയിൽ തിരിച്ചെത്തി
ഡോ. മാത്യുവാണ് രാജ്യത്തെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്. ഇലക്ട്രോണിക് അല്‍ജെസിമീറ്റര്‍, ജുഗുലാര്‍ വെനസ് പ്രഷര്‍ സ്‌കെയില്‍ തുടങ്ങിയവയ്ക്ക് അദ്ദേഹത്തിനു പേറ്റന്റ് ഉണ്ട്. ഹൃദയ ധമനികളിലെ തടസ്സം നീക്കുന്ന ആൻജിയോപ്ലാസ്‌റ്റിയിൽ ലോഹ സ്‌റ്റെന്റുകൾക്കു പകരം സ്വയം വിഘടിച്ച് ഇല്ലാതാകുന്ന ബയോ സ്‌റ്റെന്റുകൾ ഉപയോഗിച്ചുള്ള ചികിൽസയുടെ അമരക്കാരിലൊരാളാണ് അദ്ദേഹം.
ചെന്നൈ അപ്പോളോ ആശുപത്രി, മുംബൈയിലെ ലീലാവതി ഹോസ്പിറ്റല്‍, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍, സൈഫി ഹോസ്പിറ്റല്‍ എന്നിവയടക്കം ഇന്ത്യയിലെ പ്രധാന ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.