Monday, May 12, 2025
HomeNewsകെ.കെ. രാഗേഷിനെ പുകഴ്ത്തി ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ദിവ്യ എസ്. അയ്യർക്കെതിരെ യൂത്ത്...

കെ.കെ. രാഗേഷിനെ പുകഴ്ത്തി ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ദിവ്യ എസ്. അയ്യർക്കെതിരെ യൂത്ത് കോൺഗ്രസ്സിന്റെ പരാതി

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കെതിരെ വീണ്ടും പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്‍റ് വിജിൽ മോഹൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയത്.

ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചില്ല. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടു. ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട 1968ലെ പെരുമാറ്റച്ചട്ടം അഞ്ചിന് എതിരാണ് ദിവ്യയുടെ നടപടി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നത് രാഷ്ട്രീയ നിയമനമാണ്. സി.പി.എം സംസ്ഥാന സമിതിയാണ് കെ.കെ. രാഗേഷിനെ പദവിയിലേക്ക് നിയോഗിച്ചത്. ആ പദവിയെ കുറിച്ചാണ് പോസ്റ്റിട്ടതെങ്കിലും അത് രാഷ്ട്രീയ നിഷ്പക്ഷതക്ക് എതിരാണ്. വ്യക്തിപരമായി പ്രഫഷനൽ അഭിപ്രായമാണ് പറഞ്ഞതെങ്കിൽ എന്തിനാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമ്യൂണിസ്റ്റ് വിപ്ലവ ഗാനത്തിന്‍റെ പശ്ചാത്തലം ഉപയോഗിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പല തരത്തിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. നോർത്തിൽ ഒരു മന്ത്രിയുടെ ഷൂ ലേസ് കെട്ടിക്കൊടുത്ത ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളിലൂടെ കണ്ടതാണ്. ഇപ്പോൾ പരോക്ഷമായി വാക്ക് കൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന പരിപാടിയാണ് ദിവ്യ ചെയ്തത്.

ഒരു വിപ്ലവ ഗാനത്തിന്‍റെ പശ്ചാത്തോടെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയം ഉദ്ദേശിച്ചിട്ടില്ലെങ്കിൽ, ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ മികവിനെ വാഴ്ത്തി പാടുകയാണെങ്കിൽ എന്തിന് വിപ്ലവ ഗാനത്തിലെ പശ്ചാത്തല പോസ്റ്റിൽ ഉൾപ്പെടുത്തി. ദിവ്യയുടെ പോസ്റ്റ് തികച്ചും പൊളിറ്റിക്കൽ ആണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് പ്രീണനം നടത്തുന്നത്.

സർക്കാർ ശമ്പളം വാങ്ങുന്ന ഒരാൾ രാഷ്ട്രീയ പ്രസ്താവന നടത്താൻ പാടില്ല. ഐ.എ.എസ് പദവി രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന ശേഷം എന്ത് പ്രസ്താവനയും നടത്താം. അതിനോട് വിമർശിക്കില്ലെന്നും വിജിൽ മോഹൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇൻസ്റ്റഗ്രാം പോസ്റ്റ് വിവാദമായതിന് പിന്നാലെ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യർക്കെതിരെ റവലൂഷനറി യൂത്ത് ഫ്രണ്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. സർവിസ് ചട്ടലംഘനത്തിന്​ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ല സെക്രട്ടറി ആസാദ് കാശ്മീരിയാണ് പരാതി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments