ന്യൂയോർക്: അച്ചടക്ക നയങ്ങൾ നടപ്പാക്കാൻ വിസമ്മതിച്ച ഹാർവഡ് സർവകലാശാലക്കെതിരെ കടുത്തനടപടിയുമായി യു.എസ് ഭരണകൂടം. കാമ്പസിലെ നിയമവിരുദ്ധവും അക്രമാസക്തവുമായ പ്രതിഷേധങ്ങളുടെ വിവരങ്ങൾ സർവകലാശാല കൈമാറിയില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള അനുമതി റദ്ദാക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി. ഏപ്രിൽ 30നകം വിവരങ്ങൾ കൈമാറണമെന്നാണ് ബുധനാഴ്ച നൽകിയ കത്തിൽ ആഭ്യന്തര സുരക്ഷ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം ആവശ്യപ്പെട്ടത്.
നട്ടെല്ലില്ലാത്ത നേതൃത്വം നയിക്കുന്ന ഹാർവഡ് സർവകലാശാല ജൂതവിരുദ്ധതക്കെതിരെ മുട്ടുമടക്കിയതായും തീവ്രവാദി കലാപത്തിന് ഇന്ധനം നൽകുകയും ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ക്രിസ്റ്റി ആരോപിച്ചു.
അമേരിക്കൻ വിരുദ്ധതയും ഹമാസ് അനുകൂല പ്രത്യയശാസ്ത്രവും കാമ്പസിനെയും ക്ലാസ് മുറികളെയും വിഷലിപ്തമാക്കിയിരിക്കുകയാണ്. പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ഹാർവഡിന്റെ സ്ഥാനം വിദൂര ഓർമയാണ്. നികുതിദായകരുടെ പണം വാങ്ങുന്ന സർവകലാശാലകളിൽനിന്ന് അമേരിക്ക കൂടുതൽ അച്ചടക്കം ആവശ്യപ്പെടുന്നുണ്ടെന്നും കുഴപ്പങ്ങളുണ്ടാക്കുന്ന സർവകലാശാല സ്വയം ഫണ്ട് കണ്ടെത്തണമെന്നും ക്രിസ്റ്റി കൂട്ടിച്ചേർത്തു.