Wednesday, April 30, 2025
HomeNewsനൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്‍റെ പേര്: വിമർശിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്

നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്‍റെ പേര്: വിമർശിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്

പാലക്കാട്: പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിനെ വിമർശിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാൽ തറയിൽ ഉണ്ടാകില്ലെന്നുമായിരുന്നു കൊലവിളി പ്രസംഗം.ഹെഡ്ഗേവാര്‍ വിവാദത്തിൽ എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ സ്വാഗത പ്രസംഗത്തിലാണ് ജില ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ കൊലവിളി നടത്തിയത്. ‘രാഹുലിനെ കാൽ കുത്താൻ അനുവദിക്കില്ലെന്ന തീരുമാനം ബി.ജെ.പി മേൽ ഘടകം എടുത്തിട്ടില്ല. എന്‍റെ കാൽ പാലക്കാട് ഉണ്ടെന്ന് അഹങ്കരിക്കുകയാണ്. അങ്ങനെ ഞങ്ങളുടെ നേതൃത്വം ഒരു തീരുമാനമെടുത്ത് അറിയിച്ച് കഴിഞ്ഞാൽ രാഹുൽ പാലക്കാട് ആകാശത്ത് തലവെച്ച് കൊണ്ട് നടക്കേണ്ടി വരും. കാൽ മുഴുവൻ ആകാശത്തേക്ക് വരേണ്ടിവരും’- ഓമനക്കുട്ടൻ പറഞ്ഞു.

ആർ.എസ്.എസ് നേതാക്കളെ അവഹേളിച്ചാൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്നും കാൽ വെട്ടിക്കളയുമെന്നുമായിരുന്നു ബി.ജെ.പിയുടെ ഭീഷണി. ഇതിനോട് പ്രതികരിച്ച രാഹുൽ, കാൽ ഉള്ളിടത്തോളം കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആ‌ർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാൽവെട്ടിയെടുത്താൽ ഉള്ള ഉടൽവെച്ച് ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും തിരിച്ചടിച്ചു

‘ഈ സംസാരം നിർത്തണമെങ്കിൽ നാവറുക്കേണ്ടി വരും. പിന്നെയും ആർ.എസ്.എസിനെതിരെ തന്നെ പ്രവർത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്. അതിന് പ്ലാറ്റ്ഫോം ടിക്കറ്റ് കൊടുക്കുന്നത് ആർ.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനിൽ കേറാനും വന്നിറങ്ങാനും കാലു കുത്തി നിൽക്കാനും അറിയാം’ -രാഹുൽ പറഞ്ഞു.

നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടും. നഗരത്തിൽ ഭിന്നശേഷി നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനെയല്ല, ഭരണ നേതൃത്വത്തിലോ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലോ യാതൊരു പങ്കും വഹിക്കാത്ത ഒരു പ്രസ്ഥാനത്തിന്റെ വക്താവിന്റെ പേര് കേന്ദ്രത്തിനു നൽകുന്നതിനെയാണ് കോൺഗ്രസ്‌ എതിർക്കുന്നത്. ജനപ്രതിനിധിയുടെ കാൽ വെട്ടുമെന്ന ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗത്തിൽ പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എത്ര ഭീഷണിപ്പെടുത്തിയാലും ആ‍‍ർ.എസ്.എസിനോടുള്ള എതിർപ്പ് തുടരുമെന്നും രാഹുൽ വ്യക്തമാക്കി.

ഹെഡ്‌ഗേവാറുടെ സ്‌മാരകമായി നൈപുണ്യ-വികസന ഡേ കെയർ സെന്റർ ആർ.എസ്.എസ് സംഘടനയുടെ നൂറാം വാർഷികമായ വിജയദശമി ദിനത്തിൽ തുറന്നു കൊടുക്കാനാണ് പാലക്കാട്‌ നഗരസഭ പദ്ധതിയിടുന്നത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട്‌ നഗരസഭയിൽ സംസ്ഥാനത്ത്‌ ആദ്യമായി ആർ.എസ്‌.എസ്‌ സ്ഥാപകന്റെ പേരിൽ ഒരു തദ്ദേശ സ്ഥാപനം കെട്ടിടം നിർമിക്കുന്നത് സംഘടന നേട്ടമായാണ് ബി.ജെ.പി നഗരസഭ ഭരണസമിതി കാണുന്നത്.നഗരസഭയുടെ സ്വന്തം ഫണ്ടല്ല, സി.എസ്‌.ആർ ഫണ്ടാണ്‌ ഉപയോഗിക്കുന്നതെന്ന ന്യായമാണ്‌ ബി.ജെ.പിയുടേത്‌. ഓഷ്യാനസ്‌ ഡ്വല്ലിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ 1.25 കോടി രൂപ സാമൂഹിക പ്രതിബദ്ധത ഫണ്ട്‌ ഉപയോഗിച്ച്‌ നഗര സൗന്ദര്യവത്കരണമാണ്‌ ആദ്യം നടപ്പാക്കാൻ ഉദ്ദേശിച്ചതെങ്കിലും പിന്നീടാണ്‌ ഹെഡ്‌ഗേവാറുടെ സ്‌മാരകം നിർമിക്കാൻ തീരുമാനിച്ചത്‌. നഗരസഭ കൗൺസിൽ കൂടിയാലോചന പോലുമില്ലാതെയാണ് ആർ.എസ്‌.എസ്‌ സ്ഥാപകന്റെ പേര്‌ സർക്കാർ കെട്ടിടത്തിന്‌ നൽകുന്നത്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments