ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപെട്ട് രണ്ടാഴ്ചത്തെ പരോളിനിറങ്ങിയ മുൻ സൈനികൻ ഒളിവിൽ കഴിഞ്ഞത് 20 വർഷം. മുൻ കരസേന ഉദ്യോഗസ്ഥനായ അനിൽ കുമാർ തിവാരിയെ മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിൽ നിന്നും അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 1989ലാണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ തിവാരി അറസ്റ്റിലാകുന്നത്. പിന്നീട് 2005ൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു.
ഒളിവിൽ താമസിച്ചിരുന്ന തിവാരി പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതിന് വേണ്ടി പരമാവധി ശ്രമിച്ചിരുന്നു. ഡ്രൈവറായി ജോലിചെയ്തിരുന്ന മുൻ സൈനികൻ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ഇലക്‌ട്രിക്കൽ പണമിടപാടുകൾ നടത്തുകയോ ചെയ്തിരുന്നില്ല. കൂടാത്ത പല പല സ്ഥലങ്ങളിൽ താമസിച്ച് പൊലീസിന്റെ ശ്രദ്ധ തെറ്റിക്കുകയും ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തന്റെ രണ്ട് പതിറ്റാണ്ടിന്റെ ഇടയിൽ തിവാരി പുതിയ വിവാഹം കഴിക്കുകയും നാല് മക്കളുടെ അച്ഛനാകുകയും ചെയ്തു. 1986ലാണ് അനിൽ പട്ടാളത്തിൽ ഡ്രൈവറായി ചേരുന്നത്. കൊലപാതകക്കേസ് തെളിഞ്ഞതോടെ പട്ടാളത്തിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.