കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ വഖഫ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. സമരങ്ങളുടെ പശ്ചാതലത്തിൽ മുർഷിദാബാദിൽ അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു. സൈന്യം ശനിയാഴ്ച രാത്രി പട്രോളിങ് നടത്തി. പശ്ചിമ ബംഗാളിലെ ചില ജില്ലകളിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്ഥലത്തെ തുടർ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിഷേധത്തിൽ ഇതുവരെ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്.