ഇസ്രയേല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെ വധിക്കാന്‍ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുവാവിനെ അറസ്റ്റുചെയ്തു. ഇസ്രായേല്‍ പൗരനാണ് പിടിയിലായത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയോ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെയോ ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബെറ്റ് തലവനെയോ വധിക്കാനായിരുന്നു നീക്കം. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാനില്‍ കുറഞ്ഞത് രണ്ട് മീറ്റിംഗുകളിലെങ്കിലും പങ്കെടുത്ത ഇയാള്‍ തുര്‍ക്കുമായി ബന്ധമുള്ള ഒരു വ്യവസായിയാണെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസമാണ് അറസ്റ്റ് നടന്നതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്.
പേജറും വാക്കി-ടോക്കിയുമുള്‍പ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് ലെബനനില്‍ 30 ലേറെ പേര്‍ മരിച്ചതിനു പിന്നാലെയാണ് നെതന്യാഹു അടക്കമുള്ളവര്‍ക്കെതിരായ വധശ്രമ ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായത്. സംഭവത്തിന് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്.