ഭോപാൽ: മധ്യപ്രദേശിലെ ദേവാസിലെ മാതാ ടെക്രി ക്ഷേത്രത്തിൽ പൂജാരിയെ 30 അംഗ സംഘം മർദിച്ചു. ക്ഷേത്രം അടച്ചതിനാൽ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ആളുകൾ പൂജാരിയെ മർദിച്ചത്. ജിതു രഘുവംശി എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി. ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വെള്ളിയാഴ്ച രാത്രി 10 കാറുകളിലായാണ് സംഘം എത്തിയതെന്നും ക്ഷേത്ര പൂജാരി പറഞ്ഞു.
സംഘം പൂജാരിയെ മർദിച്ച് ക്ഷേത്രത്തിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അർധ രാത്രിയോടെ ക്ഷേത്രത്തിന്റെ കവാടങ്ങൾ അടക്കുമെന്ന് പൂജാരി പറഞ്ഞു. ജിതു രഘുവംശിയുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ 12.40ഓടെയാണ് അവിടെയെത്തിയത്. അപ്പോൾ ഗേറ്റ് അടക്കാനായി പോയതായിരുന്നു പൂജാരി. ക്ഷേത്രത്തിന്റെ കവാടങ്ങൾ അടച്ചതായി പൂജാരി സംഘത്തോട് പറഞ്ഞു.
തുടർന്ന് ഗേറ്റ് തുറക്കാൻനിർബന്ധിച്ച സംഘം ഗേറ്റ് തുറക്കാൻ നിർബന്ധിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പൂജാരിയെ മർദിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ക്ഷേത്ര പരിസരത്തുള്ള 50ഓളം കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ സംഘത്തിൽ ബിജെപി എംഎൽഎയുടെ മകനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു, എന്നാൽ പോലീസ് ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല.
“സനാതനിയായിരുന്നിട്ടും ഇത്തരമൊരു പ്രവൃത്തി ചെയ്ത” തന്റെ മകനെ ബിജെപി എംഎൽഎ നിരീക്ഷിക്കണമെന്ന് ദേവാസ് സിറ്റി കോൺഗ്രസ് പ്രസിഡന്റ് മനോജ് രജനി പറഞ്ഞു.