പാലക്കാട്: പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയ്ക്ക് സമീപം . പ്രദേശത്ത് മേയാൻ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്.
ചെന്നൈ-പാലക്കാട് സൂപ്പർഫാസ്റ്റ് തീവണ്ടിയാണ് പശുക്കളെ ഇടിച്ചുതെറിപ്പിച്ചത്. ചത്തത്തിൽ ഒരെണ്ണം പശുക്കിടാവാണ്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ട്രെയിൻ ഇടിച്ച് ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണും ട്രെയിനിന്‍റെ അടിയിൽപ്പെട്ടുമാണ് പശുക്കള്‍ ചത്തത്.
തീവണ്ടി വരുന്നതുകണ്ട് മാറാൻ കഴിയാത്തവിധം ട്രാക്കിന്റെ ഇരുഭാഗത്തും വലിയ താഴ്ചയുള്ള ഭാഗത്തായിരുന്നു അപകടം. തീവണ്ടി തട്ടിയ പശുക്കളിൽ ചിലത് ചതഞ്ഞരഞ്ഞ് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു. ചില പശുക്കളുടെ ജഡം സമീപത്തെ ചാലിലും കണ്ടെത്തി.
ലോക്കോ പൈലറ്റ് വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ ആർപിഎഫ് സംഘം 10.30-ഓടെ ട്രാക്കിൽനിന്ന് പശുക്കളുടെ ജഡങ്ങൾനീക്കി ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. മീനാക്ഷിപുരം സ്റ്റേഷനിൽ നിന്നും ഇൻസ്പെക്ടർ കെ.ശശിധരന്റെ നേതൃത്വത്തിൽ സ്ഥലത്തിയ പോലീസ് മറ്റു നടപടികൾ സ്വീകരിച്ചു. ചത്ത പശുക്കളുടെ മറവുചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർക്ക് വിവരം നൽകിയതായി പോലീസ് പറഞ്ഞു. പശുക്കളുടെ ഉടമകളെ സംബന്ധിച്ച വിവരം നൽകാൻ നാട്ടുകാർ തയ്യാറായിട്ടില്ല. ഇതിനിടെ ഉടമയെന്ന് കരുതുന്ന ഒരാളെ വിവരമറിഞ്ഞ് ബോധരഹിതനായതിനെ തുടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി