തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസ് എൽ.ഡി.എഫിന്റെ കേസല്ലെന്നും രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മന്ത്രിയുമായി വി. ശിവൻകുട്ടി. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണാ വിജയന് അറിയാമെന്നും അതിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട എന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാറിനൊപ്പം പിണറായി വിജയന്‍റെ പേര് ചേർത്ത് പറയുന്നതിൽ അസൂയയുടെയും കുശുമ്പിന്‍റെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വീണാ വിജയന്‍റെ പേരിൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്ര സർക്കാറിന്‍റെ ഏജൻസികൾ കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് പൂർണ പിന്തുണ ഇടത് ജനാധിപത്യ മുന്നണിയും സി.പി.ഐ.എമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങിനെയിരിക്കെ വീണാ വിജയന്‍റെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണാ വിജയന് അറിയാം. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് ജനാധിപത്യ മുന്നണിയുടെ യോഗത്തിലായിരുന്നു.
പിണറായി വിജയൻ നയിക്കുന്ന സർക്കാർ എന്ന് പറയാൻ പാടില്ല എന്നാണ് ബിനോയ് വിശ്വത്തിന്‍റെ പുതിയ കണ്ടുപിടുത്തം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവായിട്ടുള്ള പിണറായി വിജയൻ എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. അങ്ങനെയാണ് കാബിനറ്റ് അജണ്ടയിൽ അടിച്ചുവരുന്നത്. ഇനി ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും ബിനോയ് വിശ്വം നേതൃത്വം കൊടുക്കുന്ന ഇടുപക്ഷ ജനാധിപത്യ മുന്നണി എന്ന് തന്നെയാണ് പറയുക. അതിന് അസൂയയുടെയും കുശുമ്പിന്‍റെയും ആവശ്യമില്ല.
ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ്, എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ളത് എൽ.ഡി.എഫിന്റെ കേസല്ലെന്നും രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത്.‘മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് വന്ന കേസ് ആണോ’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കൃത്യമായ വിശദീകരണം ബിനോയ് വിശ്വം നൽകിയിരുന്നില്ല.
കേസ് ഇതുവരെ രാഷ്ട്രീയപ്രേരിതമെന്ന് പറയാവുന്ന നിലയിലേക്കെത്തിയിട്ടില്ലെന്നാണ് സി.പി.ഐ നിലപാട്. അന്വേഷണ ഏജൻസി കേസ് രാഷ്ട്രീയപ്രേരിതനീക്കമായി മാറ്റാൻ ശ്രമിച്ചാൽ അപ്പോൾ രാഷ്ട്രീയമായി നേരിടും -എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടല്ലെന്ന് പറയാനും ബിനോയ് മറന്നില്ല.രാഷ്ട്രീയ ഗൂഢാലോചനയാണ് വീണാ വിജയനെതിരായ കുറ്റപത്രത്തിന് പിന്നിലെന്ന് തീർപ്പുകൽപിച്ച് മുഖ്യമന്ത്രിക്കും മകൾക്കും സി.പി.എം പ്രതിരോധം തീർക്കുമ്പോഴാണ് സി.പി.ഐയുടെ ഈ നിലപാട്.