വാഷിങ്‌ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രതികാരച്ചുങ്കം സൃഷ്ടിച്ച അനിശ്ചിതത്വത്തിൽ മൂന്നുവർഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് കൂപ്പുകുത്തി യുഎസ് ഡോളർ. ഏതാനും ദിവസങ്ങളായി ഡോളറിന്റെ മൂല്യം താഴ്‌ന്നുവരികയായിരുന്നു. ട്രംപിന്റെ വികലനയങ്ങളെ തുടർന്ന് നിക്ഷേപകർക്ക് ഡോളറിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് പതനത്തിന് കാരണമെന്ന് സാമ്പത്തികവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ആഗോള റിസർവ് കറൻസിയായി ഡോളറിനെ കണക്കാക്കുന്നതിൽ വലിയ തോതിൽ പുനർവിചിന്തനം നടക്കുന്നുണ്ട്.
ആഗോളവ്യാപാരത്തിൽ നടക്കുന്ന ഡോളർ വർജന നയങ്ങൾക്കെതിരെ ട്രംപ്‌തന്നെ തെരഞ്ഞെടുപ്പ് വേളയിലും അധികാരത്തിൽ എത്തിയതിനുശേഷവും ആവർത്തിച്ച് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്‌സ് കൂട്ടായ്‌മയ്‌ക്കെതിരെയും ഭീഷണി മുഴക്കി. അതിനിടയിലാണ് ട്രംപിന്റെ നയങ്ങൾ മൂലം ഡോളറിന്റെ മൂല്യം ഇടിയുന്നത്. ചൈന–- അമേരിക്ക വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമായാൽ ഉഭയകക്ഷി വ്യാപാരം 80 ശതമാനം കുറയും. ഇതിന്റെ അനന്തരഫലം പ്രവചനാതീതമാകുമെന്ന് ഇന്റർനാഷണൽ ട്രേഡ് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ കോക് ഹാമിൽട്ടൻ പറഞ്ഞു.