എറണാകുളം: എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ അർധരാത്രി ഏറ്റുമുട്ടി. 12 വിദ്യാർഥികൾക്ക് പരിക്കുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 8 അഭിഭാഷകർക്കും, 2 പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ബിയർ ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് ആക്രമിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു.
എന്നാൽ പ്രശ്നം ഉണ്ടാക്കിയത് വിദ്യാർത്ഥികളാണെന്ന് അഭിഭാഷകർ പറഞ്ഞു.ബാർ കൌൺസിൽ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർഥികളും തമ്മിലാണ് സംഘർഷം. അഭിഭാഷകരുടെ വൈദ്യ പരിശോധന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർത്ഥികൾ. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സംഭവത്തിൽ ഇതുവരെ കേസ് എടുത്തിട്ടില്ല.
ബാർ അസോസിയേഷൻ പരിപാടിക്കിടെ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ പ്രശ്നം ഉണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിച്ചു. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാൻ ശ്രമിച്ചു. അഭിഭാഷകർ മദ്യപിച്ചിരുന്നില്ല എന്നും ബാർ അസോസിയേഷൻ പ്രതിനിധി പറഞ്ഞു.
കോളേജ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്കിടയിലേക്ക് അഭിഭാഷകർ വന്ന് പ്രശ്നമുണ്ടാകുകയായിരുന്നുവെന്ന് കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് ആരോപിച്ചു. പെൺകുട്ടികളെ കടന്നുപിടിച്ചു, വിദ്യാർഥികളുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച ശേഷം പുക ഊതി. അഭിഭാഷകളുടെ മെഡിക്കൽ എടുക്കണം എന്നും, നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം കടുപ്പിക്കും എന്നും കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് പറഞ്ഞു.