ന്യൂയോർക്ക്: നാല് വർഷങ്ങൾക്ക് ശേഷം പലിശ നിരക്ക് അര ശതമാനം കുറച്ച് അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക്. 2020 മാർച്ചിലാണ് ഇതിന് മുൻപ് ഫെഡ് പലിശ നിരക്കുകൾ വെട്ടിക്കുറച്ചത്. ഇതോടെ വായ്പാ ചെലവുകള്‍ കുറയ്ക്കുന്നതിനും നീക്കം വഴിയൊരുക്കിയേക്കും. ഏറെ കാലമായി പ്രതീക്ഷിച്ചിരുന്ന തീരുമാനമാണ് ഫെഡ് ചെയർമാൻ ജെറോം പവൽ പ്രഖ്യാപിച്ചത്.
സാമ്പത്തിക മേഖലയുടെ ഉത്തേജനവും പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നതും കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് 16 യോഗങ്ങളാണ് ചേർന്നത്. കഴിഞ്ഞ ദിവസം 11 അംഗങ്ങളിൽ ഗവർണർ മിഷേൽ ബൗമൻ മാത്രമാണ് പലിശ നിരക്ക് അര ശതമാനം കുറയ്ക്കുന്നതിന് വിയോജിപ്പ് പ്രകടിപ്പിച്ചത്. അതേസമയം ഈ വർഷാവസാനത്തോടെ പലിശ നിരക്ക് ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് തിരഞ്ഞെടുപ്പിന് പിന്നാലെ നവംബറിലും, ഡിസംബറിലുമാണ് ഫെഡ് യോഗങ്ങൾ ഇനി നടക്കാനിരിക്കുന്നത്. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് പലിശ നിരക്കിൽ കുറവുണ്ടാകുന്നത്.
യുഎസ് സാമ്പദ് വ്യവസ്ഥയുടെ സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നാല് വർഷത്തിന് ശേഷമുള്ള പലിശ നിരക്ക് കുറയ്ക്കലിന് ഫെഡിനെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ജൂലൈ മുതൽ പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഫെറൽ റിസർവിന് മേൽ സമ്മർദ്ദം ശക്തമായിരുന്നു. എന്നാൽ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായിരുന്നു സെൻട്രൽ ബാങ്കിന്റെ കാത്തിരിപ്പ്.