അനേകം അദ്ഭുതങ്ങൾ നിലനിൽക്കുന്നതാണ് സസ്യലോകം. ഇപ്പോഴിതാ സസ്യലോകം സംബന്ധിച്ച് കൗതുകകരമായ ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്. മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ സ്ഥിതി ചെയ്യുന്ന ടോങ്ക ബീൻ എന്ന മരത്തെക്കുറിച്ചാണ് ഈ പഠനം. മരങ്ങളെയും കാടുകളെയുമൊക്കെ നശിപ്പിക്കുന്ന പ്രകൃതിപ്രതിഭാസമാണ് ഇടിമിന്നൽ. എന്നാൽ ഈ ഇടിമിന്നലിനെ ഈ മരം ഫലപ്രദമായി തന്റെ എതിരാളികളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പഠനം
ഡിപ്റ്റീരിക്സ് ഒളിഫേറ എന്നു ശാസ്ത്രീയ നാമമുള്ള ഈ മരം പാനമയിലെ ഉഷ്ണമേഖലാ വനങ്ങളിലാണ് കാണപ്പെടുന്നത്. ഉഷ്ണമേഖലാ വനങ്ങളിൽ ഇടിമിന്നലുകൾ പല വലിയ മരങ്ങളെയും നശിപ്പിക്കാറുണ്ട്. എന്നാൽ ടോങ്ക ബീനിന് ഇടിമിന്നലേറ്റാലും കുഴപ്പമുണ്ടാകില്ല. പതിറ്റാണ്ടുകൾ നീണ്ട ഗവേഷണത്തിനു ശേഷമാണ് ശാസ്ത്രജ്ഞർ ഈ സത്യം തിരിച്ചറിഞ്ഞത്. ഒരു ഇലക്ട്രിക് വയർ പോലെ ഇടിമിന്നലിലെ വൈദ്യുതി വഹിച്ചുകൊണ്ടുപോകാനുള്ള ശേഷി ടോങ്ക ബീൻ മരങ്ങളുടെ തടിക്കുണ്ട്. ഈ സവിശേഷതയാണ് ഇടിമിന്നൽ ചെറുക്കാൻ ഇവയ്ക്കു കരുത്താകുന്നത്
ഇവ വഹിക്കുന്ന വൈദ്യുതി മൂലം ചുറ്റുവട്ടത്ത് ഈ മരത്തിന്റെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന എതിരാളി വൃക്ഷങ്ങളും ടോങ്ക ബീൻ മരത്തിലേക്കു കടന്നുകയറിയിരിക്കുന്ന വള്ളിച്ചെടികളുമൊക്കെ നശിക്കും. ഇതെല്ലാം ടോങ്ക ബീൻ മരത്തിന്റെ വളർച്ചയ്ക്കു മുതൽക്കൂട്ടാണ്. ടോങ്ക ബീൻ മരങ്ങൾ 40 മീറ്റർ വരെ പൊക്കത്തിൽ വളരുന്നതിനാൽ ഇവയ്ക്കു മിന്നലേൽക്കാൻ സാധ്യത കൂടുതലാണ്. ഓരോ മിന്നൽ പ്രഹരത്തിനു ശേഷവും ഇവയുടെ വിത്തുൽപാദനത്തിലും വലിയതോതിൽ കൂടുമെന്ന് ഗവേഷകർ കണ്ടെത്തി
ഈ മരത്തിൽ നിന്നു കിട്ടുന്ന കായകൾ ടോങ്ക ബീൻ സീഡുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവ പാചകത്തിലും പെർഫ്യൂം നിർമാണത്തിലുമൊക്കെ ഉപയോഗിക്കപ്പെടാറുണ്ട‌്