ഗസ്സ സിറ്റി: ഗസ്സയിൽ മാധ്യമ പ്രവർത്തകർ താമസിക്കുന്ന ടെന്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപം തിങ്കളാഴ്ചയാണ് ദാരുണ സംഭവം. ഫലസ്തീൻ ജേണലിസ്റ്റ് അഹമ്മദ് മൻസൂർ ജീവനോടെ കത്തിയമരുന്ന വീഡിയോ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഫലസ്തീൻ ടുഡേയുടെ ലേഖകനായ ഇദ്ദേഹത്തെ സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുതര പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരിച്ചു. 33കാരനായ ഇദ്ദേഹം രണ്ട് മക്കളുടെ പിതാവ് കൂടിയാണ്.
ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ ഹിൽമി അൽ ഫഖാവി, യൂസഫ് അൽ ഖസിൻന്താർ എന്നിവരും കൊല്ലപ്പെട്ടു. ഹസ്സൻ ഇസ്‍ലായെ, അഹ്മദ് അൽ അഗ, മുഹമ്മദ് ഫായിഖ്, അബ്ദുല്ലാഹ് അൽ അത്താർ, ഇഹാബ് അൽ ബർദിനി, മഹ്മൂദ് അവാദ്, മജീദ് ഖുദൈ, അലി ഇസ്‍ലായെ എന്നീ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.
പുലർച്ച മൂന്ന് മണിയോടെയായിരുന്നു ആക്രമണമെന്ന് സംഭവത്തിൽനിന്ന് രക്ഷപ്പെട്ട മാധ്യമപ്രവർത്തകൻ അബെദ് ഷാത്ത് പറഞ്ഞു. ‘ഈ ടെൻറിൽ മാധ്യമപ്രവർത്തകരാണ് താമസിക്കുന്നതെന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ടായിരുന്നു മുന്നറിയിപ്പില്ലാത്ത ആക്രമണം. വലിയ സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഓടിവന്നപ്പോള്‍ ടെന്‍റില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ജീവനോടെ കത്തുന്നതാണ് കണ്ടത്. ടെന്‍റിനകത്തേക്ക് കയറി അദ്ദേഹത്തെ പുറത്തേക്ക് വലിച്ചുകൊണ്ടുവരാന്‍ നോക്കി. അവിടെയൊരു ഗ്യാസ് കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചിട്ടുണ്ടായിരുന്നു. മറ്റൊന്ന് കത്തുന്നുമുണ്ടായിരുന്നു. കാലില്‍ വലിച്ച് പുറത്തേക്ക് എടുക്കാന്‍ നോക്കിയപ്പോള്‍ വസ്ത്രം കീറിപ്പോന്നു. കുറച്ച് ആളുകള്‍ വന്ന് വെള്ളമൊഴിച്ച് തീ അണക്കാന്‍ നോക്കി. അപ്പോഴേക്കും എന്‍റെ ബോധം പോയി’ -അബെദ് ഷാത്ത് പറഞ്ഞു.
മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം നിയമവിരുദ്ധമായ കൊലപതാകമാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്തേക്ക് പോകാതിരിക്കാനാണ് ഇത്തരം ക്രൂരതകൾ ഇസ്രായേൽ നടത്തുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.2023 ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ ഇസ്രായേൽ 209 മാധ്യമപ്രവർത്തകരെയാണ് കൊലപ്പെടുത്തിയതെന്ന് ഫലസ്തീനിയൻ ജേണലിസ്റ്റ്സ് സിൻഡിക്കേറ്റ് (പിജെഎസ്) അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തെ പിജെഎസ് അപലപിക്കുകയും ചെയ്തു.