പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി ബാച്ചില്‍ കോറ്റാത്തൂര്‍- കൈതക്കോടി പള്ളിയോടവും ജേതാക്കള്‍. അവേശകരമായ മത്സരത്തിനൊടുവില്‍ ഫോട്ടോഫിനിഷിലാണ് ഇരു പള്ളിയോടങ്ങളും മന്നംട്രോഫിയില്‍ മുത്തമിട്ടത്. ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ തുഴഞ്ഞെത്തിയ നെല്ലിക്കല്‍, കോയിപ്രം, ഇടനാട്, ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടങ്ങള്‍ എ ബാച്ചിന്റെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. ബി ബാച്ചില്‍ ഇതേ മാനദണ്ഡത്തില്‍ ഇടക്കുളം, കോറ്റാത്തൂര്‍-കൈതക്കോടി, കോടിയാട്ടുകര, തോട്ടപ്പുഴശേരി എന്നീ പള്ളിയോടങ്ങളും ഫൈനലിലെത്തി.
എ ബാച്ചിലെ അത്യന്തം വാശിയേറിയ മത്സരത്തില്‍ ഇടനാട്, ഇടപ്പാവൂര്‍-പേരൂര്‍, നെല്ലിക്കല്‍ എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. ബി ബാച്ചിലെ പോരാട്ടത്തില്‍, മന്നം ട്രോഫി ഏറ്റവും കൂടുതല്‍ തവണ നേടിയ ചരിത്രമുള്ള കോറ്റാത്തൂര്‍-കൈതക്കോടി ഇത്തവണയും ഒന്നാമതെത്തി. തോട്ടപ്പുഴശേരി, ഇടക്കുളം, കോടിയാട്ടുകര എന്നീ പള്ളിയോടങ്ങള്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. നെഹ്‌റു ട്രോഫി മാതൃകയിലായിരുന്നു ഇത്തവണ മത്സരം.
അച്ചടക്കത്തോടെ നന്നായി പാടിത്തുഴഞ്ഞതിനും ചമയത്തിനും മാതൃഭൂമി ഏർപ്പെടുത്തിയ ട്രോഫികൾ എ ബാച്ചിൽ മാരാമൺ പള്ളിയോടത്തിനും ബി ബാച്ചിൽ കടപ്ര പള്ളിയോടത്തിനും ലഭിച്ചു. പള്ളിയോട സേവാസംഘം ഭാരവാഹികൾ ട്രോഫികൾ സമ്മാനിച്ചു.