എല്ലാ റെക്കോർഡുകളും തിരുത്തി കുറിച്ച് എമ്പുരാന്‍ മുന്നേറുകയാണ്. 200 കോടി ക്ലബിൽ ഇടംനേടിയത് കൂടാതെ ടിക്കറ്റ് വില്‍പനയിലും എമ്പുരാൻ റെക്കോര്‍ഡിട്ടിരിക്കുകയാണ്. അഞ്ച് ദിവസത്തിനുള്ളിൽ 30 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. മാർച്ച് 27ന് ആയിരുന്നു മലയാളികൾ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിലെത്തിയ ചിത്രം ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണ്.
എഡിറ്റിന് പിന്നാലെ ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് ഉണ്ടായെങ്കിലും റീ എഡിറ്റിങ് ബാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,14,000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ നിന്നും എമ്പുരാന്റേതായി വിറ്റഴിഞ്ഞത്.
മാർച്ച് 27 നായിരുന്നു എമ്പുരാന്‍ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. സിനിമയുടെ ആഗോള കളക്ഷൻ ഇതിനകം 200 കോടിയിലധികമാണ്.