ന്യൂയോർക്ക്: ലോകത്താദ്യമായി ഭൂമിയുടെ ധ്രുവപ്രദേശങ്ങളുടെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ഫ്രാം 2 ദൗത്യത്തിന്റെ ഭാഗമായാണ് സ്‌പേസ് എക്‌സ് ബഹിരാകാശഗവേഷണത്തില്‍ ചരിത്രം സൃഷ്ടിച്ചത്. ധ്രുവപ്രദേശത്തിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഫ്രാം ദൗത്യം പകര്‍ത്തി ഭൂമിയിലേക്ക് അയച്ചത്.
കഴിഞ്ഞദിവസമാണ് ഫ്രാം 2 ദൗത്യം സ്‌പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചത്. യുഎസ്സിലെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 07:16-നായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ റെസിലിയന്‍സ് എന്ന ഡ്രാഗണ്‍ ക്രൂ ക്യാപ്‌സ്യൂളില്‍ നാല് യാത്രികരാണ് ഫ്രാം ദൗത്യത്തിലുള്ളത്.
സാധാരണ ബഹിരാകാശപേടകങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെക്കുവടക്കുദിശയിലാണ് ഫ്രാം 2 ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. ഇതാദ്യമായാണ് മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ഒരു ബഹിരാകാശദൗത്യം 90 ഡിഗ്രിയില്‍ ധ്രുവീയ ഭ്രമണപഥത്തിലൂടെ അഥവാ പോളാര്‍ ഓര്‍ബിറ്റിലൂടെ ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. ഉത്തര, ദക്ഷിണധ്രുവങ്ങളില്‍ 19-ാം നൂറ്റാണ്ടില്‍ പര്യവേഷണം നടത്തിയ നോര്‍വീജിയന്‍ കപ്പലായ ഫ്രാമിന്റെ പേരാണ് സ്‌പേസ് എക്‌സ് തങ്ങളുടെ പോളാര്‍ ബഹിരാകാശ ദൗത്യത്തിന് നല്‍കിയത്.
425 മുതല്‍ 450 വരെ കിലോമീറ്റര്‍ ഉയരത്തിലാണ് ഫ്രാം 2 ഭൂമിയെ ചുറ്റിപ്പറക്കുന്നത്. ധ്രുവപ്രദേശങ്ങളില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ഫ്രാം 2 ദൗത്യത്തിന്റെ ഭാഗമായ ക്രൂ ഡ്രാഗണ്‍ റെസിലിയന്‍സിലെ ക്യാമറ പകര്‍ത്തിയത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് സ്‌പേസ് എക്‌സും ഇലോണ്‍ മസ്‌കും ധ്രുവപ്രദേശങ്ങളുടെ വിസ്മയകരമായ ബഹിരാകാശ ദൃശ്യം പുറത്തുവിട്ടത്. ഡ്രാഗണ്‍ ക്യാപ്‌സ്യൂളിനകത്തുള്ള നാല് ബഹിരാകാശസഞ്ചാരികളും ദൃശ്യങ്ങളിലുണ്ട്. ധ്രുവപ്രദേശങ്ങളിലെ അഗ്നിപര്‍വ്വതങ്ങള്‍, പടുകൂറ്റന്‍ മഞ്ഞുമലകള്‍, ഹിമാനികള്‍ എന്നിവയെല്ലാം ഫ്രാം 2 പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണാം.
ക്രിപ്‌റ്റോകറന്‍സി സംരംഭകനായ ചുന്‍ വാങ് ആണ് ഫ്രാം 2 ദൗത്യസംഘത്തെ നയിക്കുന്നത്. നോര്‍വേ സ്വദേശിയായ ജാന്നിക്കെ മിക്കെല്‍സെന്‍ ആണ് വെഹിക്കിള്‍ കമാന്‍ഡര്‍. ജര്‍മന്‍ സ്വദേശിനിയായ റെബാ റോഗി, ഓസ്‌ട്രേലിയക്കാരനായ എറിക് ഫിലിപ്പ് എന്നിവരാണ് മറ്റുള്ളവര്‍. ധ്രുവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം 22 പരീക്ഷണങ്ങളും മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീളുന്ന ദൗത്യത്തില്‍ നടത്തും.