വാഷിങ്ടൺ: അന്യായ ഇറക്കുമതിത്തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് യുഎസ്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് മേൽ 26 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വിദേശ നിർമിത ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തിരിച്ചടിത്തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് വ്യവസായിക ശക്തിയുടെ പുനർജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല. നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ച്ചെയ്യും. റെസിപ്രോക്കൽ താരിഫുകൾ ആ രാജ്യങ്ങൾക്ക് മേൽ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങൾ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങൾ മറികടക്കും. യുഎസിന്റെ സുവർണനാളുകൾ തിരിച്ചുവരും.’’ – ട്രംപ് പ്രഖ്യാപിച്ചു.
ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള തിരിച്ചടിത്തീരുവയും ട്രംപ് പ്രഖ്യാപിച്ചു. ചൈന – 34%, യൂറോപ്യൻ യൂണിയൻ – 20 %, വിയറ്റ്നാം – 46 %, തായ്‌വാൻ – 46 %, ജപ്പാൻ – 24 %, ദക്ഷിണ കൊറിയ – 25 %, തായ്‌ലൻഡ് – 36 %, സ്വിറ്റ്‌സര്‍ലൻഡ് – 31 %, കംബോഡിയ – 49 % എന്നിങ്ങനെയാണ് തിരിച്ചടിത്തീരുവ നിരക്കുകൾ.