ഫ്‌ളോറിഡ: തന്റെ പക്കലുള്ള ആയുധങ്ങളുടെ വന്‍ ശേഖരത്തെക്കുറിച്ചും രണ്ട് സ്‌കൂളുകളില്‍ ‘കില്‍ ലിസ്റ്റ്’ അനുസരിച്ച് കൊലപാതകങ്ങള്‍ നടത്താനുള്ള പദ്ധതിയെക്കുറിച്ചും വീമ്പിളക്കിയ 11 വയസ്സുകാരനായ ആണ്‍കുട്ടി അറസ്റ്റിലായി. കാര്‍ലോ ‘കിംഗ്സ്റ്റണ്‍’ ഡൊറെല്ലി എന്ന് പേരുള്ള കുട്ടി തന്റെ ആയുധപ്പുരയുടെ വീഡിയോ സഹപാഠികളെ കാണിക്കുകയും ഭീഷണികള്‍ മുഴക്കുകയും ചെയ്തതിരുന്നു. എയര്‍സോഫ്റ്റ് റൈഫിളുകള്‍, പിസ്റ്റളുകള്‍, വെടിക്കോപ്പുകള്‍, കത്തികള്‍, വാളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കുട്ടിയുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
‘കീക്ക്‌സൈഡിലും സില്‍വര്‍ സാന്‍ഡ്‌സ് മിഡില്‍ സ്‌കൂളിലും വെടിവയ്പ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ക്രീക്ക്‌സൈഡ് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. പേരുകളുടെയും ലക്ഷ്യങ്ങളുടെയും ഒരു ലിസ്റ്റ് കുട്ടി തയാറാക്കിയിരുന്നു. എല്ലാം തമാശയായിരുന്നുവെന്ന് പറയുന്നു,’ വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡ് ട്വീറ്റ് ചെയ്തു. ഷെരീഫ് ഡൊറെല്ലിയെ കുറ്റം ചുമത്തി കൈയിലും കാലിലും വിലങ്ങുവെച്ച് ഉദ്യോഗസ്ഥര്‍ ജയിലിലേക്ക് കൊണ്ടുപോകുന്ന വീഡിയോ പൊലീസ് പുറത്തുവിടുകയും ചെയ്തു.
ജോര്‍ജിയയിലെ അപാലാച്ചി ഹൈസ്‌കൂളില്‍ നടന്ന മാരകമായ വെടിവയ്പ്പില്‍ നാലുപേര്‍ മരിച്ചതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് പൊലീസ് ഇത്തരം കേസുകളില്‍ പുലര്‍ത്തുന്നത്. രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട വെടിവെപ്പില്‍ 14 വയസ്സുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.