ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശ ചെയ്യുന്ന പാനൽ റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭായോഗം. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മന്ത്രിസഭയ്‌ക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ ഒരേസമയം തെരഞ്ഞെടുപ്പുകൾ നടപ്പാക്കുന്നതിനുള്ള സമഗ്രമായ മാർഗരേഖ തയാറാക്കിയിട്ടുണ്ട്. കമ്മിറ്റി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. പാർലമെൻ്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ലോക്സഭാ, നിയമസഭാ, തദ്ദേശീയ തെരഞ്ഞെടുപ്പുകൾ ഒരു ഏജൻസിയുടെ കുടക്കീഴിലാകും നടപ്പാക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയിരുന്നു. ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
തെരഞ്ഞെടുപ്പുകളുടെ എണ്ണം കുറയ്‌ക്കുന്നതിലൂടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ സൃഷ്ടിക്കുന്ന വൻ സാമ്പത്തിക ചെലവും ഭരണപരമായ ബുദ്ധിമുട്ടുകളും ഇതിലൂടെ ലഘൂകരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.