കൊച്ചി: മോഹൻലാലിന്റെ ലഫ്.കേണൽ പദവി തിരികെയെടുക്കണമെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ്. മോഹൻലാൽ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ സിനിമയിൽ വരില്ലെന്ന് രഘുനാഥ് പറഞ്ഞു. ഇന്ത്യൻ സർക്കാറിന്റെ ഭാഗമായി നിൽക്കുന്ന ആളാണ് മോഹൻലാൽ. ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഇടപെടൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിലീസായി 48 മണിക്കൂർ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്സോഫീസിൽനിന്ന് 100 കോടി കലക്ഷൻ സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ ചരിത്രം കുറിച്ചിരുന്നു. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് ചിത്രത്തിന്റെ വിജയം സാധ്യമാക്കിയതെന്നും താരം കുറിപ്പിൽ പറയുന്നു.
മോഹൻലാലിനൊപ്പം പൃഥ്വിരാജും തകർത്തഭിനയിച്ച ചിത്രം, ആഗോള ബോക്സോഫീസിൽ ഏറ്റവും കൂടുതൽ ആദ്യദിന കലക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 65 കോടി രൂപയിലേറെയാണ് ആദ്യദിന കലക്ഷൻ. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷൻ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പർ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കലക്ഷനെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെതിരെ തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കൽ അടക്കമുള്ളവർ കടുത്ത വിദ്വേഷ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയിരുന്നു.